ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയ്ക്ക് ഉറപ്പുനൽകിയതായി റിപ്പോർട്ട്. ഇറാന്റെ സൈനിക താവളങ്ങൾ ലക്ഷ്യം വച്ചുള്ള ആക്രമണമാകും നടത്തുകയെന്ന് നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞതായാണ് വിവരം. അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബെഞ്ചമിൻ നെതന്യാഹുവും ജോ ബൈഡനും ഫോണിലൂടെ ബന്ധപ്പെട്ടത്. അതിലാണ് ഇറാനിലെ സൈനിക താവളങ്ങൾ തകർക്കാൻ പദ്ധതിയിടുകയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി അറിയിച്ചത്. സംഭവുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റിന്റെ വാർത്ത. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണം അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഇസ്രയേലിന് വേണ്ടി അമേരിക്കയുടെ ശക്തമായ മിസൈൽ പ്രതിരോധ സംവിധാനമായ താഡ്, നൽകാനുള്ള തീരുമാനമാണ് നെതന്യാഹുവിന്റെ നിലപാട് മയപ്പെടുത്തിയത്. ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിൽ നെതന്യാഹു, കടുംപിടുത്തതിൽ അയവ് വരുത്തിയതായും പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൂറോളം യുഎസ് സൈനികർക്കൊപ്പം ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള സംവിധാനം ഇസ്രയേലിന് കൈമാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചത്.