വാഷിംഗ്ടൺ : അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ എന്തെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പുനരാരംഭിക്കാൻ കാരണമാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കടുത്ത മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യുഎസ് നിലപാട് വ്യക്തമാക്കിയത്.
ഇറാൻ അമേരിക്കൻ സൈനികരെ വധിച്ചാൽ അത് ശക്തമായ സൈനിക നടപടിയിലേക്ക് തിരിച്ചെത്താൻ തങ്ങൾക്ക് ലഭിക്കുന്ന “നല്ലൊരു കാരണമായിരിക്കുമെന്ന്” ട്രംപ് തുറന്നടിച്ചു. നിലവിൽ ഇറാൻ്റെ സൈനിക ശേഷി പൂർണ്ണമായും തകർന്ന നിലയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഇറാനിപ്പോൾ സ്വന്തമായി നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ല. അവരുടെ പ്രധാന സൈനിക നേതൃത്വത്തെ ഞങ്ങൾ ഇതിനകം തന്നെ പൂർണ്ണമായും തുടച്ചു നീക്കി കഴിഞ്ഞു,” ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ പുതിയ പ്രസ്താവന യുദ്ധപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

