Saturday, June 6, 2026
HomeNewsവിമതർ "ഒന്നിനും കൊള്ളാത്ത" നേതാക്കൾ; മമത യുടെ ജനപ്രീതിയിൽ ജയിച്ചവർ: ബംഗാളിൽ വിമത എംഎൽഎമാർക്കെതിരെ മൗനം...

വിമതർ “ഒന്നിനും കൊള്ളാത്ത” നേതാക്കൾ; മമത യുടെ ജനപ്രീതിയിൽ ജയിച്ചവർ: ബംഗാളിൽ വിമത എംഎൽഎമാർക്കെതിരെ മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. വിമത എംഎല്‍എമാരെ കടുത്ത ഭാഷയില്‍ വിമർശിച്ചു. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമതർ വെറും “ഒന്നിനും കൊള്ളാത്ത” നേതാക്കളാണെന്ന് മഹുവ തുറന്നടിച്ചു. മമത ബാനർജിയുടെ ജനപ്രീതിയുടെ നിഴലില്‍ മാത്രം രക്ഷപ്പെട്ടുപോന്ന ഇവർക്ക് പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കഴിവില്ലെന്നും അവർ പരിഹസിച്ചു.കേന്ദ്ര ഏജൻസികളെയും അറസ്റ്റ് ഭീഷണികളെയും ഭയന്നാണ് വിമതർ ചേരിമാറിയതെന്നും ബിജെപിയാണ് ഈ പിളർപ്പിന് പിന്നിലെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. പാർട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർക്ക് പ്രതിപക്ഷത്ത് ഇരിക്കാൻ താല്പര്യമില്ല. അതുകൊണ്ടാണ് അവർ സുരക്ഷിതമായ പാത തെരഞ്ഞെടുത്തത്. ‘യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന് വിളിക്കാൻ വിമതർക്ക് യാതൊരു അവകാശവുമില്ലെന്നും മഹുവ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പാർട്ടികളെ തകർക്കുക മാത്രമല്ല, സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ ആരാകണമെന്ന് പോലും ബിജെപിയാണ് ഇപ്പോള്‍ തീരുമാനിക്കുന്നതെന്ന് മഹുവ ആരോപിച്ചു. തൃണമൂലിന്റെ മുൻ നേതാവായിരുന്ന നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എംഎല്‍എമാരുടെയും ബലഹീനതകള്‍ കൃത്യമായി അറിയാം. ഇത് മുതലെടുത്താണ് ഓരോരുത്തരെയായി സ്വാധീനിച്ചത്. എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ കാണിച്ച്‌ ഭയപ്പെടുത്തിയാണ് എംഎല്‍എമാരെ ബിജെപി ഒപ്പം നിർത്തിയത്. അവർക്ക് പോലീസിനെയോ ഇഡിയെയോ സിബിഐെയോ നേരിടാൻ വയ്യ, പകരം സുരക്ഷിതമായി നില്‍ക്കാനാണ് താല്പര്യം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകരുകയാണെന്ന വാദങ്ങളെ മഹുവ തള്ളി. മമത ബാനർജിയും കോർ ഗ്രൂപ്പുമാണ് യഥാർത്ഥ പാർട്ടിയെന്നും പൂജ്യത്തില്‍ നിന്ന് പുതിയൊരു ചിഹ്നം വരച്ച്‌ വീണ്ടും അധികാരത്തില്‍ വരാൻ മമതയ്ക്ക് സാധിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ടിഎംസിയുടെ 28 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി മമത നിരായുധയായി നില്‍ക്കുകയാണ്. 58 വിമത എംഎല്‍എമാർ പാർട്ടി നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ടിഎംസിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ നിയമസഭാ സ്പീക്കർ ഇവർക്ക് അംഗീകാരം നല്‍കി. എന്നാല്‍ മമത ബാനർജിയെ പുതിയ നിയമസഭാ ടീമിന്റെ മുഖ്യ ഉപദേശകയായിരിക്കാൻ ക്ഷണിച്ചുകൊണ്ട് വിമത പക്ഷം തങ്ങളുടെ നിലപാട് ഒന്നു മയപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.പാർട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിക്ക് എതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന വിമതരുടെ വാദത്തെയും മഹുവ ചോദ്യം ചെയ്തു. അങ്ങനെയാണെങ്കില്‍ ഏതാനും ആഴ്ചകള്‍ക്ക് മുൻപ് നടന്ന തെരഞ്ഞെടുപ്പില്‍ എന്തിനാണ് ടിഎംസി ടിക്കറ്റില്‍ മത്സരിച്ചതെന്ന് മഹുവ ചോദിക്കുന്നു. അഭിഷേക് ബാനർജി ശക്തനാണെന്നും ബിജെപിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ അദ്ദേഹം വഴങ്ങില്ലെന്നും മഹുവ അവകാശപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments