വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തെ നാല് റിപ്പബ്ലിക്കൻ അംഗങ്ങളും പിന്തുണച്ചു. ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും.
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഫെബ്രുവരിയിൽ ഇസ്രയേലുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയത് ഭരണഘടനാ ലംഘനമാണെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. യുഎസിലെ ‘വാർ പവേഴ്‌സ് ആക്ട്’ പ്രകാരം സൈനിക നടപടി തുടങ്ങി 60 ദിവസത്തിനകം കോൺഗ്രസിന്റെ അനുമതി തേടണം. എന്നാൽ, ഈ കാലാവധി ആഴ്ചകൾക്ക് മുൻപ് അവസാനിച്ചിട്ടും ഡൊണാൾഡ് ട്രംപ് ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും പ്രസിഡന്റ് നിയംമം ലംഘിക്കുകയാണെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു.

