Wednesday, May 27, 2026
HomeAmericaഅമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷിക ആഘോഷങ്ങൾ: വൈറ്റ് ഹൗസിൽ പ്രൊഫഷണൽ ഗുസ്തി മത്സരം ഒരുങ്ങുന്നു

അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷിക ആഘോഷങ്ങൾ: വൈറ്റ് ഹൗസിൽ പ്രൊഫഷണൽ ഗുസ്തി മത്സരം ഒരുങ്ങുന്നു

വാഷിംഗ്ടൺ : അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൻ്റെ ചരിത്രത്തിലാദ്യമായി പ്രൊഫഷണൽ ഗുസ്തി മത്സരം നടക്കുന്നു. ഇതിനായി വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ യുഎഫ്‌സി ഫൈറ്റിംഗ് കേജിൻ്റെ നിർമ്മാണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘യുഎഫ്‌സി ഫ്രീഡം 250’ എന്ന് പേരിട്ടിരിക്കുന്ന ഈ വൻകിട കായിക മാമാങ്കം ജൂൺ 14-നാണ് നടക്കുക. ഏകദേശം 60 ദശലക്ഷം ഡോളർ (ഏകദേശം 500 കോടിയിലധികം രൂപ) ചിലവഴിച്ചാണ് യുഎഫ്‌സി ഈ വേദി ഒരുക്കുന്നത്.

ഒക്ടഗൺ (എട്ടു കോണുകളുള്ള) ആകൃതിയിലുള്ള റിങ്ങും അതിനുചുറ്റും കട്ടിപ്പണികളുള്ള കമ്പിവേലിയും ആയിരക്കണക്കിന് താൽക്കാലിക സീറ്റുകളുമാണ് വൈറ്റ് ഹൗസ് മുറ്റത്ത് നിർമ്മിക്കുന്നത്. യുഎഫ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കും ഇതെന്നും വൈറ്റ് ഹൗസിൻ്റെ മുൻവാതിലിന് മുന്നിൽ ഒരു വലിയ അരീന തന്നെ ഇതിനായി ഒരുങ്ങുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും രണ്ട് പ്രധാന ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ മാത്രമാണ് ഈ പരിപാടിയിലുള്ളത്. ഇടക്കാല യുഎഫ്‌സി ഹെവിവെയ്റ്റ് കിരീടത്തിനായി ബ്രസീലിൻ്റെ അലക്സ് പെരേര ഫ്രാൻസിൻ്റെ സിറിൽ ഗാനെയുമായി ഏറ്റുമുട്ടും. ലൈറ്റ്‌വെയ്റ്റ് പോരാട്ടത്തിൽ ജോർജിയയുടെ ഇലിയ ടോപുരിയ നിലവിലെ ഇടക്കാല ചാമ്പ്യനായ ജസ്റ്റിൻ ഗാഥ്ജിയെ നേരിടും.

വൈറ്റ് ഹൗസ് മുറ്റത്ത് നടക്കുന്ന ഈ മത്സരം നേരിട്ട് കാണാൻ 4,300 പേർക്ക് മാത്രമായിരിക്കും അവസരം. ഇതിൽ ഭൂരിഭാഗവും സൈനികരായിരിക്കും. എന്നാൽ സമീപത്തുള്ള എലിപ്സ് പാർക്കിൽ വലിയ സ്ക്രീനുകളിൽ മത്സരം തത്സമയം കാണാനായി പൊതുജനങ്ങൾക്ക് 85,000 സൗജന്യ ടിക്കറ്റുകൾ നൽകും. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണുള്ളതെന്നും എന്നാൽ ഇവ പൊതുവില്പനയ്ക്ക് ലഭ്യമാകില്ലെന്നും യുഎഫ്‌സി പ്രസിഡൻ്റ് ഡാന വൈറ്റ് അറിയിച്ചു.

അതേസമയം, വിഐപി അതിഥികൾക്കായി പ്രത്യേക സൗകര്യങ്ങളുള്ള ‘ഹൈ റോളർ’ പാക്കേജുകളും യുഎഫ്‌സി ഒരുക്കുന്നുണ്ട്. പ്രശസ്ത എംഎംഎ ജേണലിസ്റ്റ് ഏരിയൽ ഹെൽവാനിയുടെ റിപ്പോർട്ട് അനുസരിച്ച് ഇതിനായി അതിഥികൾ 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടി രൂപ) നൽകേണ്ടി വരും. എന്നാൽ ഈ പരിപാടിയിൽ നിന്ന് തങ്ങൾക്ക് ലാഭമൊന്നും ലഭിക്കില്ലെന്നും ഇതൊരു ദീർഘകാല നിക്ഷേപമാണെന്നും യുഎഫ്‌സിയുടെ മാതൃ കമ്പനിയായ ടി കെ ഒ (TKO) ഗ്രൂപ്പ് ഹോൾഡിംഗ്സ് വ്യക്തമാക്കി.

മുൻപും വൈറ്റ് ഹൗസിൽ വിനോദ കായിക മത്സരങ്ങൾ നടന്നിട്ടുണ്ടെങ്കിലും അതിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രൊഫഷണൽ തത്സമയ കായിക മത്സരം ഇവിടെ നടക്കുന്നത്. വൈറ്റ് ഹൗസ് നവീകരിക്കുന്നതിനായി ട്രംപ് ഭരണകൂടം നടത്തുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നിർമ്മാണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments