മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ മൊഴി മാറ്റി. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പരാതിക്കാരി മുൻ നിലപാടിൽ നിന്നും പൂർണ്ണമായി യു-ടേൺ എടുത്ത് മൊഴി നൽകിയത്. കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനിടെ പരാതിക്കാരിയായ യുവതിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
കേസിൽ കനത്ത തിരിച്ചടിയായി പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികളാണ് ഇപ്പോൾ കോടതിയിൽ കൂറുമാറിയിരിക്കുന്നത്. പരാതിക്കാരി ഉൾപ്പെടെ വിസ്തരിച്ച സാക്ഷികളെല്ലാം കൂറുമാറിയതായി കോടതി ഔദ്യോഗികമായി രേഖപ്പെടുത്തി. കേസിൽ നാളെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ കോടതി നേരിട്ട് വിസ്തരിക്കും. സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറിയ പശ്ചാത്തലത്തിൽ കേസിന്റെ തുടർനടപടികൾ വരും ദിവസങ്ങളിൽ നിർണ്ണായകമാകും.
തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയായിരുന്നു കുറ്റപത്രം. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ എൽദോസ് ബലാത്സംഗം ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എൽദോസിനെ കൂടാതെ കേസിൽ പ്രതികളായ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾക്കെതിരെ പരാതി പിൻവലിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

