Monday, May 25, 2026
HomeNewsഗസ്സയിൽ സഹായവുമായി പോയ ഫ്ലോട്ടില്ല പ്രവർത്തകരെ പീഡിപ്പിച്ച സംഭവം: ഇസ്രായേൽ സർക്കാരിനെതിരെ...

ഗസ്സയിൽ സഹായവുമായി പോയ ഫ്ലോട്ടില്ല പ്രവർത്തകരെ പീഡിപ്പിച്ച സംഭവം: ഇസ്രായേൽ സർക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി മലേഷ്യ

കോലാലംപൂർ : ഗസ്സയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല സന്നദ്ധപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇസ്രായേൽ സർക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ. വിഷയത്തിൽ ഇസ്രായേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് കൊണ്ടുപോകാൻ മലേഷ്യൻ സർക്കാർ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ ‘ദി മലായ് മെയിൽ’ റിപ്പോർട്ട് ചെയ്തു.

ആവശ്യമായ വിവരങ്ങളും തെളിവുകളും ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഔദ്യോഗികമായി കോടതിയെ സമീപിക്കുമെന്നും മലേഷ്യൻ അധികൃതർ വ്യക്തമാക്കി. മലേഷ്യൻ പൗരന്മാർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർക്ക് നേരെ ഇസ്രായേൽ സൈന്യം കാണിച്ച ക്രൂരതക്കും തട്ടിക്കൊണ്ടുപോകലിനും എതിരെയുള്ള ശക്തമായ മറുപടിയാണ് ഈ നിയമപോരാട്ടമെന്ന് മലേഷ്യയിലെ സെലാംഗോർ സംസ്ഥാന മുഖ്യമന്ത്രി അമിറുദ്ദീൻ ഷാരി പറഞ്ഞു.

“ഈ വിഷയത്തിൽ ഞങ്ങൾ നിശബ്ദരായിരിക്കില്ല, ഇവിടെക്കൊണ്ട് അവസാനിപ്പിക്കുകയുമില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള എല്ലാ രേഖകളും ലീഗൽ ടീം ശേഖരിക്കുന്നുണ്ട്. സന്നദ്ധപ്രവർത്തകർ ഒന്നിലധികം തവണ തട്ടിക്കൊണ്ടുപോകലിനും ക്രൂരമായ പീഡനങ്ങൾക്കും ഇരയായിട്ടുണ്ട്,” അമിറുദ്ദീൻ ഷാരി വ്യക്തമാക്കി. ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയിൽ എത്തിക്കുന്നതിനൊപ്പം നയതന്ത്ര സമ്മർദം ശക്തമാക്കുമെന്നും വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാൻ മലേഷ്യയിലുടനീളം ക്യാമ്പയ്‌നുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിലെ ഇസ്രായേൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ച അന്താരാഷ്ട്ര ‘സുമൂദ് ഫ്ലോട്ടില്ല’ പ്രവർത്തകരെ ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വീർ ആണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.കൈകൾ പിന്നോട്ട് കെട്ടി, തല നിലത്തു മുട്ടിച്ച് മുട്ടുകുത്തി നിൽക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെ മന്ത്രി ബെൻ-ഗ്വീർ പരിഹസിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനെതിരെ സംസാരിക്കാൻ ശ്രമിച്ച ഒരു വനിതാ പ്രവർത്തകയുടെ കഴുത്തിൽ ബലമായി പിടിച്ച് തറയിലേക്ക് ദാരുണമായി തള്ളിയിടുന്നതും വിഡിയോയിലുണ്ട്.

വിഡിയോ പുറത്തുവന്നതോടെ കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ഇതാമർ ബെൻ ഗ്വിറിന് ഫ്രാന്‍സ് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments