Thursday, May 21, 2026
HomeNewsഅമേരിക്കൻ ഉപരോധം ലംഘിച്ചു: ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

അമേരിക്കൻ ഉപരോധം ലംഘിച്ചു: ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം

വാഷിംഗ്ടൺ : ഉപരോധം ലംഘിച്ചെന്ന സംശയത്തെത്തുടർന്ന് ഒമാൻ ഉൾക്കടലിൽ ഇറാൻ പതാകയേന്തിയ എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം വളഞ്ഞു പിടിച്ചെടുത്തു. ബുധനാഴ്ചയായിരുന്നു സംഭവം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ടെഹ്‌റാനു മേൽ സമ്മർദ്ദം ശക്തമാക്കുന്ന ട്രംപ് ഭരണകൂടത്തിൻ്റെ നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണിത്.

അമേരിക്കൻ ഉപരോധം ലംഘിച്ച് ഇറാനിയൻ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച ‘എം/ടി സെലസ്റ്റിയൽ സീ’എന്ന കപ്പലാണ് യുഎസ് സെൻട്രൽ കമാൻഡ് തടഞ്ഞുനിർത്തി പരിശോധിച്ചതും വഴിതിരിച്ചുവിട്ടതും. ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ പകുതിയോടെ അമേരിക്ക കപ്പൽ ഗതാഗതത്തിന് ഉപരോധം ഏർപ്പെടുത്തിയ ശേഷം യുഎസ് സൈന്യം തടയുന്ന അഞ്ചാമത്തെ വാണിജ്യ കപ്പലാണിത്.

അതേസമയം, ഇറാനെതിരെയുള്ള വ്യോമാക്രമണ പദ്ധതികൾ നയതന്ത്ര ചർച്ചകൾക്കായി താൽക്കാലികമായി മാറ്റിവെച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച വലിയൊരു ആക്രമണം ആസൂത്രണം ചെയ്തിരുന്നെങ്കിലും, ഒരു ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഗൾഫ് സഖ്യകക്ഷികൾ അറിയിച്ചതിനെ തുടർന്ന് രണ്ട് മൂന്ന് ദിവസത്തേക്ക് നീട്ടിവെയ്ക്കുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ഉപരോധത്തിന് മുൻപ്, തങ്ങൾക്ക് താല്പര്യമുള്ള കപ്പലുകളെ വലിയ തുക ഈടാക്കി കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്ന് ഉപയോഗിച്ച് ഇറാൻ ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുഎസ് സൈന്യത്തിൻ്റെ കണക്കനുസരിച്ച് 87 രാജ്യങ്ങളിൽ നിന്നുള്ള 1,550 കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നത്.

ഇന്ധനവില കുതിച്ചുയരുന്നതും ഊർജ്ജ വിപണിയിലെ അസ്ഥിരതയും നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. യുഎസിൽ ആഭ്യന്തരമായി ട്രംപിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമാകുകയാണ്. യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപിനെ നിർബന്ധിതനാക്കുന്ന നിയമനിർമ്മാണത്തിന് ചൊവ്വാഴ്ച യുഎസ് സെനറ്റ് അംഗീകാരം നൽകി. ഡെമോക്രാറ്റുകൾക്കൊപ്പം ഏതാനും റിപ്പബ്ലിക്കൻമാരും ചേർന്നതോടെ 50-47 എന്ന വോട്ടുകൾക്കാണ് ബിൽ പാസായത്. കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിലും, ദിവസങ്ങൾക്ക് ശേഷം ശ്രീലങ്കയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലുള്ള കടൽ മേഖലയിലും സമാനമായ രീതിയിൽ ഇറാനിയൻ എണ്ണക്കടത്ത് കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments