Thursday, May 21, 2026
HomeAmericaആദ്യത്തെ ട്രില്യണയറാവാൻ ഇലോൺ മസ്ക്: ഓഹരി വിൽപ്പനയ്ക്കുള്ള അപേക്ഷ സമർപ്പിച്ച് സ്‌പേസ് എക്‌സ്

ആദ്യത്തെ ട്രില്യണയറാവാൻ ഇലോൺ മസ്ക്: ഓഹരി വിൽപ്പനയ്ക്കുള്ള അപേക്ഷ സമർപ്പിച്ച് സ്‌പേസ് എക്‌സ്

ന്യൂയോർക്ക് : ആഗോള ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖരായ സ്‌പേസ് എക്‌സ് തങ്ങളുടെ ആദ്യകാല ഓഹരി വിൽപ്പനയ്ക്കുള്ള (ഐപിഒ) ഔദ്യോഗിക അപേക്ഷ സമർപ്പിച്ചു. യു.എസ് ഓഹരി വിപണിയായ നാസ്ഡാകിൽ ‘SPCX’ എന്ന ടിക്കർ സിംബലിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. ഈ ഐപിഒ വിജയകരമാകുന്നതോടെ കമ്പനിയുടെ തലവൻ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (ലക്ഷം കോടിപതി) പദവിയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ.

ഈ ഐപിഒയിലൂടെ കമ്പനി 1.75 ട്രില്യൺ മുതൽ 2 ട്രില്യൺ ഡോളർ വരെ വിപണി മൂല്യമാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ മസ്കിന് സ്‌പേസ് എക്‌സിൽ 42 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ പുതിയ മൂല്യം കണക്കിലെടുക്കുമ്പോൾ മസ്കിൻ്റെ വ്യക്തിഗത ആസ്തി 1 ട്രില്യൺ ഡോളർ കടക്കും. ഓഹരികൾ വിപണിയിൽ എത്തിച്ചാലും കമ്പനിയുടെ 85.1 ശതമാനം വോട്ടിങ് അധികാരവും മസ്കിൻ്റെ കൈകളിൽ തന്നെ ഭദ്രമായിരിക്കും.

സൗദി അരാംകോയുടെ റെക്കോർഡ് തകരും 2019-ൽ 29 ബില്യൺ ഡോളർ സമാഹരിച്ച സൗദി അരാംകോയുടെ പേരിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്‌പേസ് എക്‌സ് തകർക്കാൻ പോകുന്നത്. വിപണിയിൽ നിന്ന് 75 ബില്യൺ മുതൽ 80 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ 23 ആഗോള ബാങ്കുകളാണ് ഈ ഭീമൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.ഐപിഒ അപേക്ഷയുടെ (S-1 Filing) ഭാഗമായി സ്‌പേസ് എക്‌സ് തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ആദ്യമായി പരസ്യപ്പെടുത്തി. ഇതിൻപ്രകാരം കഴിഞ്ഞ വർഷം കമ്പനി 18.7 ബില്യൺ ഡോളർ വരുമാനം നേടി. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിൽ നിന്നാണ് വരുമാനത്തിൻ്റെ വലിയൊരു പങ്ക് ലഭിച്ചത്. വൻതോതിലുള്ള ഗവേഷണങ്ങളും അടിസ്ഥാന സൗകര്യ വികസനവും കാരണം കഴിഞ്ഞ വർഷം 4.9 ബില്യൺ ഡോളർ അറ്റനഷ്ടം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയുടെ വലിയൊരു പങ്ക് ബഹിരാകാശത്ത് എഐ ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനും മസ്കിൻ്റെ കൃത്രിമബുദ്ധി കമ്പനിയായ എക്സ് എഐ ഗ്രോക്കിൻ്റെ വികസനത്തിനുമായാണ് ഉപയോഗിക്കുക. കൂടാതെ മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാനുള്ള ഭീമൻ റോക്കറ്റായ സ്റ്റാർഷിപ്പ് പ്രോജക്റ്റുകളുടെ വേഗത വർദ്ധിപ്പിക്കാനും ഈ തുക വിനിയോഗിക്കും.

റിപ്പോർട്ടുകൾ പ്രകാരം വരും ആഴ്ചകളിൽ നിക്ഷേപകർക്കായുള്ള റോഡ്ഷോകൾ ആരംഭിക്കും. ഓഹരി വിപണിയിൽ ഒരു കമ്പനി പുതിയതായി ഇറങ്ങുന്നതിന് മുൻപ് (IPO-യ്ക്ക് മുൻപ്), വലിയ നിക്ഷേപകരെ ആകർഷിക്കാൻ നടത്തുന്ന ഒരു പ്രചാരണ പരിപാടിയാണ് ‘റോഡ്ഷോ. ഈ ഇതൊരു ബിസിനസ്സ് പ്രൊമോഷൻ യാത്രയിൽ കമ്പനിയുടെ തലവൻമാർ (എലോൺ മസ്കിനെപ്പോലെയുള്ള സി.ഇ.ഒമാർ), ഫിനാൻഷ്യൽ ഓഫീസർമാർ, ബാങ്കർമാർ, വലിയ നിക്ഷേപകർ തുടങ്ങിയവർ കമ്പനിയുടെ ഭാരവാഹികൾ വിവിധ പ്രമുഖ നഗരങ്ങൾ സന്ദർശിച്ച് വലിയ നിക്ഷേപകരുമായി നേരിട്ട് മീറ്റിംഗുകൾ നടത്തും. വരുന്ന ജൂൺ 12-ഓടെ സ്‌പേസ് എക്‌സ് ഓഹരികൾ വിപണിയിൽ ഔദ്യോഗികമായി വ്യാപാരം ആരംഭിക്കുമെന്നാണ് സൂചനകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments