ഫ്ലോറിഡ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകൾ ഉണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ അമിത ശുഭാപ്തി വിശ്വാസം പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. നാറ്റോ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വീഡനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി ഫ്ലോറിഡയിൽ മാധ്യമ പ്രവർത്തകരോടായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തിയാൽ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോഗികമായിരിക്കും എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ലോകത്തിലെ ആരും ടോൾ സംവിധാനത്തെ അനുകൂലിക്കുന്നില്ല. അത് സംഭവിക്കില്ല. അത് അസ്വീകാര്യമായിരിക്കും എന്നായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. ‘അവർ അത് തുടരുകയാണെങ്കിൽ അത് ഒരു നയതന്ത്ര കരാറിനെ അസാധ്യമാക്കും. അതിനാൽ അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് ലോകത്തിന് ഒരു ഭീഷണിയാണ്, അത് പൂർണ്ണമായും നിയമവിരുദ്ധ’മാണെന്നും മാർക്കോ റൂബിയോ പ്രതികരിച്ചു.

