കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമഗ്രമായി പരിശോധിക്കാൻ നിർദ്ദേശമുണ്ട്.
എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് പ്രതികളുടെ പരോൾ നടപടികൾക്ക് അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ ഇത്തരത്തിൽ പരോൾ ലഭിച്ചിരിക്കുന്നത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചയായ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ അടിയന്തര ഇടപെടൽ.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്തുണ്ടായ ഈ പരോൾ അനുമതി നിയമപരമായാണോ അതോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ എന്ന കാര്യം പുതിയ അന്വേഷണത്തോടെ പുറത്തുവരും.

