ന്യൂഡൽഹി : തന്‍റെ അഞ്ച് വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിൽ വെച്ചാണ് യോഗം. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും, സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ഈ പ്രതിസന്ധി നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഒരു ഉയർന്ന തലത്തിലുള്ള പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ, എൽപിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലെ അന്താരാഷ്ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.

