Wednesday, May 20, 2026
HomeNewsകോംഗോയിൽ എബോള രോഗബാധ, 136 മരണം: ലോകാരോഗ്യ സംഘടന ഇടപെടുന്നു

കോംഗോയിൽ എബോള രോഗബാധ, 136 മരണം: ലോകാരോഗ്യ സംഘടന ഇടപെടുന്നു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള രോഗബാധയെത്തുടർന്ന് ജനജീവിതം അതീവ ഭീതിയിൽ. നിലവിൽ 543 പേർക്ക് രോഗബാധ സംശയിക്കുന്നതായും 136 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഔദ്യോഗിക വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. ഈ മരണങ്ങളിൽ എത്രയെണ്ണം എബോള മൂലമാണെന്ന് സ്ഥിരീകരിക്കാൻ പരിശോധനകൾ നടക്കുകയാണെന്ന് കോംഗോ പൊതുജനാരോഗ്യ മന്ത്രി സാമുവൽ റോജർ കാംബ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ 30 എബോള കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

കോംഗോയിലെ പ്രധാന നഗരങ്ങളിലൊന്നായ ഗോമ ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിലേക്ക് രോഗം പടർന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് അറിയിച്ചു. അയൽരാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും കോംഗോയിൽ നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.

രോഗവ്യാപനത്തിൻ്റെ തോതും വേഗതയും കണക്കിലെടുത്ത് അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ പ്രകാരം ഡോ. ടെഡ്രോസ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഗാണ്ടയിലെയും കോംഗോയിലെയും ആരോഗ്യ മന്ത്രിമാരുമായി ആലോചിച്ച ശേഷമാണ് ഈ അടിയന്തര തീരുമാനം എടുത്തത്. ബുന്ദിബുഗ്യോ’ എന്ന അപൂർവ്വ ഇനം എബോള വൈറസാണ് ഇപ്പോൾ പടരുന്നതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിൽ ഇതിനെതിരെ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല. ചരിത്രത്തിൽ ഇത് മൂന്നാം തവണ മാത്രമാണ് ഈ പ്രത്യേക വൈറസ് വകഭേദം കണ്ടെത്തുന്നത്.

കോംഗോയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു അമേരിക്കൻ ഡോക്ടർക്കും എബോള സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഒരു ദുരന്ത നിവാരണ പ്രതികരണ സംഘത്തെ (DART) കോംഗോയിലേക്കും ഉഗാണ്ടയിലേക്കും നിയോഗിച്ചു. കൂടാതെ രോഗബാധിത പ്രദേശങ്ങളിൽ അടിയന്തര പരിശോധനകൾക്കും ഐസൊലേഷനുമായി 50 മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിക്കാനുള്ള ധനസഹായവും യു.എസ് പ്രഖ്യാപിച്ചു.

രോഗം പടരുന്നത് തടയാൻ ലോകാരോഗ്യ സംഘടന നാൽപ്പതിലധികം വിദഗ്ധരെ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE kit), മരുന്നുകൾ എന്നിവയുൾപ്പെടെ 12 ടൺ സാമഗ്രികൾ ഇതിനകം കൈമാറി. 6 ടൺ സാധനങ്ങൾ കൂടി ഉടൻ എത്തിക്കും. ബാധിത പ്രദേശങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ പരിമിതമാണെന്നും രോഗവ്യാപനത്തിൻ്റെ യഥാർത്ഥ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും കോംഗോയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ആൻ അൻസിയ പറഞ്ഞു. എങ്കിലും രോഗ വ്യാപനം തടയാൻ അതിർത്തികളിൽ കർശന പരിശോധന ആരംഭിച്ചതായും സ്ഥിതിഗതികൾ നേരിടാൻ രാജ്യം സജ്ജമാണെന്നും ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments