ഓസ്ലോ : അഞ്ച് രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിലെ ഏറ്റവും വലിയ പത്രമായ ‘ആഫ്റ്റൻപോസ്റ്റൻ’ വൻ വിവാദത്തിൽ. പ്രധാനമന്ത്രി മോദിയെ ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്. ‘കൂർമ ബുദ്ധിക്കാരനും നേരിയ തോതിൽ അലോസരപ്പെടുത്തുന്നവനുമായ മനുഷ്യൻ’ എന്ന തലക്കെട്ടിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ഫ്രാങ്ക് റോസാവിക് എഴുതിയ ലേഖനത്തിനൊപ്പമാണ് ഈ വിവാദ ചിത്രമുള്ളത്.
ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു ‘പാമ്പാട്ടികളുടെ നാടായി’ മാത്രം കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്‍റെ തെളിവാണ് ഇതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നോർവേ സന്ദർശനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടയിലാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്. നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിന് ശേഷം ഇരുനേതാക്കളും മടങ്ങവെ, ഓസ്ലോ ആസ്ഥാനമായുള്ള ‘ദാഗ്സവിസെൻ’ പത്രത്തിലെ രാഷ്ട്രീയ നിരീക്ഷകയായ ഹെല്ലെ ലിംഗ് എന്ന വനിതാ മാധ്യമപ്രവർത്തക പ്രധാനമന്ത്രി മോദിക്ക് നേരെ ഉറക്കെ ചോദ്യം ഉന്നയിച്ചിരുന്നു.
‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യമുള്ള മാധ്യമങ്ങളോട് സംസാരിക്കാൻ താങ്കൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല?’ എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ നേതാക്കൾ ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു. ഹെല്ലെ ലിംഗ് ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെ ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നോർവേ ഒന്നാം സ്ഥാനത്തും ഇന്ത്യ 157-ാം സ്ഥാനത്തുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്ന് താൻ ഒരു വിദേശ ചാരയല്ലെന്നും, കേവലം ഒരു ജേണലിസ്റ്റ് മാത്രമാണെന്നും അവർക്ക് പിന്നീട് വ്യക്തമാക്കേണ്ടി വന്നു.

