മെൻലോ പാർക്ക് : പ്രമുഖ സോഷ്യൽ മീഡിയ ഭീമനായ മെറ്റ ആഗോളതലത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ വൻ നടപടി. സിംഗപ്പൂരിൽ നിന്നാണ് പിരിച്ചുവിടൽ നടപടികൾക്ക് കമ്പനി തുടക്കമിട്ടിരിക്കുന്നത്. പുലർച്ചെ 4 മണിക്ക് ജീവനക്കാർക്ക് ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം എച്ച്.ആർ വിഭാഗം അറിയിച്ചത്.തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുറമെ, നിലവിലുള്ള 7,000 ഓളം ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോജക്റ്റുകളിലേക്ക് മാറ്റാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനിയിൽ നിലവിലുണ്ടായിരുന്ന 6,000 ഒഴിവുകൾ ഇനി നികത്തേണ്ടതില്ലെന്നും മെറ്റ തീരുമാനിച്ചു. ഇതോടെ ആകെ 14,000 തസ്തികകളാണ് മെറ്റയിൽ നിന്ന് ഇല്ലാതാകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റത്തോടെ 2026ൽ ആഗോള ഐ.ടി മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘Layoffs.fyi’ എന്ന വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച് ഈ വർഷം ഇതുവരെ മാത്രം 144 കമ്പനികളിൽ നിന്നായി 1,10,223 ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.ഒറാക്കിൾ 30,000 ഓളം തസ്തികകൾ വെട്ടിക്കുറക്കുന്നു. ആമസോൺ ഈ വർഷം 16,000 പേരെ ഒഴിവാക്കാൻ പദ്ധതിയിടുന്നുണ്ട്.
ബ്ലോക്ക് ഫെബ്രുവരിയിൽ തങ്ങളുടെ ജീവനക്കാരുടെ 40 ശതമാനത്തോളം പേരെ പിരിച്ചുവിട്ടു. ലിങ്ക്ഡ്ഇൻ ഈ മാസമാദ്യം നൂറുകണക്കിന് ജീവനക്കാരെ ഒഴിവാക്കുന്നതായി സ്ഥിരീകരിച്ചു.ഗൂഗ്ൾ, ഓപ്പൺ എ.ഐ തുടങ്ങിയ എതിരാളികളോട് മത്സരിക്കാൻ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറുകയാണ്. കോഡിങ്ങിനും ദൈനംദിന ജോലികൾക്കും എ.ഐ ഏജന്റുകളെ ഉപയോഗിക്കാൻ അദ്ദേഹം എഞ്ചിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ പ്രതികരണങ്ങൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള സി.ഇ.ഒയുടെ ചില ചുമതലകൾ പോലും എ.ഐ ടൂളുകൾക്ക് കൈമാറാൻ സക്കർബർഗ് പരീക്ഷണം നടത്തുന്നതായാണ് വിവരം.
എന്നാൽ ഈ കടുത്ത മാറ്റങ്ങൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മെറ്റാ സിസ്റ്റംസ് പരിശീലിപ്പിക്കുന്നതിനായി ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലെ കീസ്ട്രോക്കുകൾ, മൗസ് ചലനങ്ങൾ, സ്‌ക്രീൻ ഉള്ളടക്കങ്ങൾ എന്നിവ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ആയിരത്തിലധികം ജീവനക്കാർ ഒപ്പിട്ട നിവേദനം കമ്പനിക്ക് സമർപ്പിച്ചു കഴിഞ്ഞു. തുടർച്ചയായ പിരിച്ചുവിടലുകൾ ജീവനക്കാരുടെ മാനസികാവസ്ഥയെയും ആത്മവിശ്വാസത്തെയും ബാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

