തിരുവനന്തപുരം : യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.
ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചതായും വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ കൂട്ടി. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി. ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 22 മുൽ നിയമസഭ സമ്മേളനം ആരംഭിക്കും. 29നായിരിക്കും നയപ്രഖ്യാപനം. ടി അസഫലിയെ ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. .
ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതിൽ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്, മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

