ന്യൂഡൽഹി : എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈയിൽനിന്ന് ജിദ്ദയിലേക്കും മസ്കറ്റിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ഭീഷണിയുണ്ട്. ഇതുകൂടാതെ മുംബൈ – ഹൗറ മെയിൽ ട്രെയിനുനേരെയും ബോംബ് ഭീഷണിയുണ്ട്.
മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി. ഇൻഡിഗോയുടെ ജിദ്ദയിലേക്കുള്ള 6E 56, മസ്കറ്റിനുള്ള 6E 1275 വിമാനങ്ങൾക്കാണ് ഭീഷണി. ഇവ വിമാനത്താവളത്തിൽ പ്രത്യേക സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
മസ്കറ്റിനുള്ള വിമാനം പുലർച്ചെ രണ്ടുമണിക്ക് പുറപ്പെടേണ്ടിയതായിരുന്നു. പരിശോധനയ്ക്കുശേഷം ഒൻപതുമണിയോടെ യാത്ര പുറപ്പെട്ടു പ്രാദേശിക സമയം 9.45ന് മസ്കറ്റിലെത്തി. പുലർച്ചെ 2.05നായിരുന്നു ജിദ്ദയിലേക്കുള്ള വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് ഇതുവരെയും പുറപ്പെട്ടിട്ടില്ല.
‘‘മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിനു സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്.