ന്യൂയോർക്ക്: ലെബനൺ അതിർത്തിയിൽ കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്കു നേരെ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിനെതിരെ വിമർശനവുമായി ബ്രിട്ടനും ചൈനയും ഇന്ത്യയുമടക്കം 40 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. സംഭവത്തെ കടുത്ത ഭാഷയിൽ 40 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അപലപിച്ചു.
യുഎൻ ദൗത്യമേഖലകളെ ലംഘിക്കാൻ പാടില്ലെന്ന തത്വം കർശനമായി പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന സേനയുടെ ദൗത്യം മേഖലയിൽ വളരെ നിർണായകമാണെന്ന് ലബനണിലെ യുഎൻ സമാധാന സേന പറഞ്ഞു. മേഖലയിൽ സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും യുഎൻ സമാധാന സേനയുടെ വാർത്താക്കുറിപ്പ് പറഞ്ഞു.ലബനണിൽ പ്രവർത്തിക്കുന്ന രണ്ട് യുഎൻ ഇടക്കാല സൈനിക സംഘത്തിലെ രണ്ട് പേർക്കാണ് വെള്ളിയാഴ്ച ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞയാഴ്ച ഏതാണ്ട് അഞ്ച് പേർക്ക് ഇത്തരത്തിൽ പരിക്കേറ്റിട്ടുണ്ട്.
“ലെബനൺ ദൗത്യത്തിനായി യുഎന്നിലേക്ക് സൈനിക സഹായങ്ങൾ നൽകുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ യുഎന്നിലെ സൈനികസഹായ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയോട് പൂർണമായും യോജിക്കുന്നു. സമാധാനപാലക സംഘത്തിന്റെ സുരക്ഷ അങ്ങേയറ്റം പ്രധാനമാണ്. യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഈ സുരക്ഷ ഉറപ്പാക്കപ്പെടേണ്ടതുണ്ട്,” ഇന്ത്യ വ്യക്തമാക്കി.പരിക്കേറ്റ സൈനികർ ശ്രീലങ്കക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവർ വെള്ളിയാഴ്ച ദക്ഷിണ ലബനണിലെ നഖോറയിലുള്ള വാച്ച് ടവറിനടുത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. 48 മണിക്കൂറിനിടെ രണ്ടു തവണയാണ് ഇതേ സ്ഥലത്തേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹിസ്ബൊള്ളയുടെ കേന്ദ്രത്തിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദിച്ചത്.
സമാധാന സേനയിൽ പതിനായിരം അംഗങ്ങളാണുള്ളത്. ഈ സേനയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംഭാവനയുമുണ്ട്. നിരവധി ഇന്ത്യൻ സൈനികർ ഇതിൽ പ്രവർത്തിക്കുന്നു. സമാധാന സേനാ സംഘത്തിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ നൽകിയിട്ടുള്ളതും ഇന്ത്യയാണ്. 900 ഇന്ത്യൻ സൈനികർ യുഎന്നിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു.