ദില്ലി: നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ രാജ്യശ്രദ്ധ പശ്ചിമ ബംഗാളിലേക്ക് തിരിയുന്നു. അട്ടിമറി നടക്കും എന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ 200 സീറ്റിലധികം ഉറപ്പാണെന്ന് മമത ബാനർജി പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് വ്യക്തമാക്കി. 21ന് വീണ്ടും വോട്ടെണ്ണൽ നടക്കാൻ പോകുന്ന ഫാൽട്ട മണ്ഡലത്തിൽ ബിജെപിയുടെ ഗുജറാത്ത് ഗ്യാംഗ് കൂട്ടത്തോടെ വന്നാലും വിജയിക്കാൻ പോകുന്നില്ലെന്ന് അഭിഷേക് ബാനർജി ആഞ്ഞടിച്ചു. വോട്ടെണ്ണലിനിടെയും ശേഷവും വൻ അക്രമങ്ങൾ നടക്കാമെന്ന വിലയിരുത്തലിൽ കനത്ത സുരക്ഷയാണ് ബംഗാളിലെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗാളിൽ 293 സീറ്റുകളിലേക്ക് വോട്ടെണ്ണൽ നടക്കാനിരിക്കെ ഇരുപക്ഷവും ആശങ്കയിലാണ്. മമത ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്സഭ സീറ്റിലെ ഫാൽട്ട മണ്ഡലത്തിലാണ് വീണ്ടും പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. അഭിഷേക് ബാനർജിയുടെ വലംകൈ ജെഹാംഗീർ ഖാനും അനുയായികളും ബിജെപി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ സ്ത്രീകളടക്കം പ്രതിഷേധിച്ച സാഹചര്യത്തിലാണ് ഈ തിരുമാനം.
ടിഎംസിയുടെ ഡയമണ്ട് ഹാർബർ മാതൃകയിലുള്ള തട്ടിപ്പ് പൊളിഞ്ഞു എന്ന് ബിജെപി അവകാശപ്പെട്ടു. ഡയമണ്ട് ഹാർബറിൽ വന്ന് മത്സരിക്കാൻ ബിജെപിയുടെ ഗുജറാത്ത് ഗ്യാംഗിന് ധൈര്യമുണ്ടോ എന്ന് അഭിഷേക് ബാനർജി തിരിച്ചടിച്ചു. ഇന്നലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച മമതയും അഭിഷേക് ബാനർജിയും 200 സീറ്റ് പാർട്ടി നേടുമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അവസാനം വരെ ജാഗ്രത വേണമെന്നും പറഞ്ഞു. തോൽവി മനസ്സിലാക്കിയുള്ള വേവലാതിയാണ് തൃണമൂൽ കാണിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. വോട്ടെണ്ണൽ കഴിഞ്ഞുള്ള അക്രമം തടയാൻ കൂടുതൽ നിരീക്ഷകരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം അയച്ചിരുന്നു. നിയമനടപടിക്കടക്കം തയ്യാറെടുപ്പ് മമത ബാനർജി പൂർത്തിയാക്കിയെന്നാണ് സൂചന.

