Saturday, August 8, 2026
HomeAmericaഅമേരിക്ക കടുത്ത വരൾച്ചയിലേക്ക്: ലേക്ക് മീഡിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു

അമേരിക്ക കടുത്ത വരൾച്ചയിലേക്ക്: ലേക്ക് മീഡിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു

വാഷിംഗ്ടൺ : അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ ലേക്ക് മീഡിലെ ജലനിരപ്പ് സർവകാല റെക്കോർഡുകൾ ഭേദിച്ച് താഴേക്ക്. യു.എസ് ബ്യൂറോ ഓഫ് റീക്ലമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജലസംഭരണിയിലെ ജലനിരപ്പ് 1,040.50 അടിയായി കുറഞ്ഞു. 2022 ജൂലൈയിൽ രേഖപ്പെടുത്തിയ 1,040.58 അടി എന്ന റെക്കോർഡാണ് ഇപ്പോൾ തകർന്നത്. ചരിത്രത്തിൽ ഇതാദ്യമായാണ് ലേക്ക് മീഡിലെ വെള്ളം ഇത്രയും അപകടകരമായ രീതിയിൽ താഴുന്നത്.

നെവാഡ, അരിസോണ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കൊളറാഡോ നദിക്ക് കുറുകെയുള്ള പ്രശസ്തമായ ഹൂവർ ഡാമിൻ്റെ ഭാഗമാണ് ലേക്ക് മീഡ്. ദശലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഈ സംഭരണി വറ്റിവരളുന്നത് വൻ പ്രതിസന്ധിക്കാണ് വഴിതുറക്കുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ജലസംഭരണിയായ ലേക്ക് പവലിലെ സ്ഥിതിയും സമാനമാണ്. ഇവിടെ നിലവിലെ ജലനിരപ്പ് 3,521.43 അടിയായി കുറഞ്ഞിട്ടുണ്ട്. ഇത് 2023 ഏപ്രിലിലെ റെക്കോർഡ് താഴ്ചയായ 3,519.92 അടിക്ക് തൊട്ടടുത്താണ്. ഇതേ അവസ്ഥ തുടർന്നാൽ ഈ മാസം തന്നെ ലേക്ക് പവലിലും പുതിയ റെക്കോർഡ് താഴ്ച രേഖപ്പെടുത്തിയേക്കും.

ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ക്രിട്ടിക്കൽ പരിധിയിലേക്ക് ഇവിടെ ജലനിരപ്പ് എത്തിക്കഴിഞ്ഞു.പടിഞ്ഞാറൻ അമേരിക്കയിലെയും മെക്സിക്കോയിലെയും ജനങ്ങളുടെ പ്രധാന ജീവനാഡിയാണ് കൊളറാഡോ നദീതടം. അരിസോണ, കാലിഫോർണിയ, കൊളറാഡോ, നെവാഡ, ന്യൂ മെക്സിക്കോ, ഉട്ടാ, വ്യോമിങ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ നാല് കോടിയോളം ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും നൽകുന്നത് ഈ സംവിധാനത്തിലൂടെയാണ്. ജലനിരപ്പ് താഴ്ന്നതോടെ ഈ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ജല, വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.കടുത്ത വരൾച്ചയും ശീതകാലത്ത് മഞ്ഞുവീഴ്ചയിലുണ്ടായ വൻ കുറവുമാണ് ജലസംഭരണികളെ ശൂന്യമാക്കിയത്.

പടിഞ്ഞാറൻ

യു.എസിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടതിനാൽ പർവതങ്ങളിൽ മഞ്ഞ് കട്ടപിടിക്കുന്നത് തടസ്സപ്പെട്ടു. ഇത് വസന്തകാലത്ത് നദികളിലേക്കുള്ള മഞ്ഞുരുകിയ വെള്ളത്തിൻ്റെ ഒഴുക്ക് പൂർണ്ണമായി ഇല്ലാതാക്കി. വരാനിരിക്കുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് വർഷാരംഭത്തിൽ തന്നെ ജലശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments