Wednesday, April 29, 2026
HomeGulfജിസിസി ഉച്ചകോടിയിൽ ഇറാനെതിരെ കടുത്ത വിമർശനം: ഹോർമൂസിലെ ഫീസ് നിരക്ക് പിൻവലിക്കണം

ജിസിസി ഉച്ചകോടിയിൽ ഇറാനെതിരെ കടുത്ത വിമർശനം: ഹോർമൂസിലെ ഫീസ് നിരക്ക് പിൻവലിക്കണം

ഗൾഫ് മേഖലയുടെ സുരക്ഷാ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് ജിസിസി ഉച്ചകോടിയിൽ യുഎഇ വ്യക്തമാക്കി. ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മേഖലയ്ക്ക് ആകെ എതിരെയുള്ള നീക്കമായി കണക്കാക്കണമെന്ന് യുഎഇ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടിയെ ഉച്ചകോടി ശക്തമായി അപലപിച്ചു. കപ്പൽ ഗതാഗതത്തിന് ഇറാൻ ഫീസ് ഈടാക്കുന്നതിനെതിരെയും ജിസിസി രാജ്യങ്ങൾ രംഗത്തെത്തി. നാവിക ഗതാഗതം യുദ്ധത്തിന് മുൻപത്തെ അവസ്ഥയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.

യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിച്ചതായും സ്തംഭനം മറികടക്കാൻ കഴിഞ്ഞതായും ജിസിസി പ്രസ്താവനയിൽ അറിയിച്ചു. ഭാവിയിലെ പ്രതിസന്ധികളെ നേരിടാൻ ജിസിസി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വൈദ്യുതി നെറ്റ്‌വർക്ക്, ഓയിൽ-ഗ്യാസ് പൈപ്പ് ലൈൻ, കുടിവെള്ള പദ്ധതി എന്നിവ നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഇതിന് പുറമെ ജിസിസി റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും തീരുമാനമായിട്ടുണ്ട്. സുപ്രധാന വിഭവങ്ങളുടെ ശേഖരം ഉറപ്പാക്കുന്നതിനുള്ള നടപടികളും ചർച്ചയുടെ ഭാഗമായി.

പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്താർജിക്കുന്നതിനായി സൈനിക ഏകീകരണവും ഉച്ചകോടിയിൽ പ്രധാന വിഷയമായി. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി അതിവേഗ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ രാജ്യങ്ങൾ തമ്മിൽ ധാരണയായി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് സംയുക്ത പദ്ധതികളുമായി മുന്നോട്ട് പോകാനാണ് ജിസിസി രാജ്യങ്ങളുടെ തീരുമാനം. നയതന്ത്രപരമായും സൈനികമായും കൂടുതൽ സഹകരണം ഉറപ്പാക്കി ഗൾഫ് മേഖലയുടെ സ്ഥിരത നിലനിർത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments