കണ്ണൂർ: ചക്കരക്കൽപള്ളിപ്പൊയിലിൽ സൂര്യാതാപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാറാ (37) ണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.സഹപ്രവർത്തകർ ഉടൻ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇതിനിടെ, കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികക്ക് സൂര്യാതപമേറ്റു. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്
ഇതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിരിക്കുകയാണ്.

