Tuesday, April 21, 2026
HomeNewsഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പിൻവലിക്കണം: എന്നിട്ട് ചർച്ചയെന്ന് ഇറാൻ

ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പിൻവലിക്കണം: എന്നിട്ട് ചർച്ചയെന്ന് ഇറാൻ

ദുബൈ : ഹുർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിച്ചില്ലെങ്കിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. രണ്ടാംഘട്ട സമാധാന ചർച്ചക്കായി വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നയിക്കുന്ന യു.എസ് സംഘം ഇന്ന് ഇസ്‍ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ഇറാനിലെ ഇർന വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അതേസമയം, നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനിടെ, ആഗോള ഇന്ധനക്കടത്തിന്റെ ശ്വാസംമുട്ടിച്ച് ഹുർമുസിൽ ഇറാൻ കർക്കശ നിലപാടിൽ തന്നെയാണ്. ഏറ്റവുമൊടുവിൽ ഞായറാഴ്ച ഹുർമുസ് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ ഇറാൻ മടക്കി. തങ്ങളുടെ തുറമുഖങ്ങൾക്കുമേൽ യു.എസ് ഉപരോധം നിലനിൽക്കുന്നിടത്തോളം ഹുർമുസ് അടഞ്ഞുകിടക്കുമെന്നാണ് ഇറാൻ റവലൂഷനറി ഗാർഡ്സിന്റെ മുന്നറിയിപ്പ്. എന്നാൽ, ഒരു ഇന്ത്യൻ കപ്പൽ ഞായറാഴ്ച ഹുർമുസ് കടന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസം ഇന്ത്യൻ കപ്പലുകൾക്കു നേരെ ഇറാൻ സേന വെടിവെപ്പ് നടത്തിയിരുന്നു. തങ്ങൾ 23 കപ്പലുകൾ മടക്കിയതായി യു.എസ് സേനയും വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെ തകർത്തുകളയുമെന്നും പാലങ്ങളും വൈദ്യുതി നിലയങ്ങളും ബോംബിടുമെന്നുമാണ് ട്രംപിന്റെ ഭീഷണി.

യു.എസുമായി നേരിട്ട് ചർച്ചകൾക്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ടെങ്കിലും പാക് തലസ്ഥാന നഗരമായ ഇസ്‍ലാമാബാദിൽ അടുത്ത ദിവസം തന്നെ വീണ്ടും വെടിനിർത്തൽ ചർച്ചകൾ നടക്കുമെന്നാണ് സൂചന. ഇതിനായി, നഗരത്തിലെ രണ്ട് പ്രധാന ഹോട്ടലുകളിൽ വൻ സുരക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്. രണ്ട് അമേരിക്കൻ വിമാനങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. നയതന്ത്ര പരിഹാരത്തിന്റെ മാർഗം അടച്ചിടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് അറിയിച്ചു.

നിലവിൽ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കാനില്ലെന്നാണ് ഇറാൻ നിലപാട്. അമേരിക്കയിലെത്തിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്ന ഇറാന്റെ സമ്പുഷ്ട യുറേനിയം വിട്ടുനൽകില്ലെന്നും അവർ പറയുന്നു.കഴിഞ്ഞ ദിവസം ഇറാൻ ഹുർമുസ് തുറന്നെന്ന് പ്രഖ്യാപിച്ചതോടെ 10ലേറെ കപ്പലുകൾ ഹുർമുസ് കടന്നിരുന്നു. എന്നാൽ, ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തുടരുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഇറാൻ വീണ്ടും ഹുർമുസ് അടച്ചിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

അതിനിടെ, ഇറാനിൽ ഇസ്രായേലിനെ കൂട്ടി അമേരിക്ക നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ വീണ്ടും യൂറോപ്യൻ യൂനിയന്റെ ഭാഗമാകാൻ നീക്കംതുടങ്ങി. ഒരു പതിറ്റാണ്ട് മുമ്പ് വോട്ടിങ്ങിനൊടുവിലാണ് രാജ്യം യൂറോപ്യൻ യൂനിയൻ വിട്ടത്. വീണ്ടും 27 അംഗ ഇ.യുവിൽ ചേരാൻ പ്രധാനമന്ത്രി കിയർ സ്റ്റാമർ പുതിയ നിയമം കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നാറ്റോക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments