ഇന്നലത്തെ രാത്രി കൊണ്ട് ഇറാൻ ഇല്ലാതായി തീരും എന്ന യുഎസ് പ്രസിഡൻ്റിൻ്റെ ഭീഷണിക്ക് ശേഷം ഇറാനും – യുഎസും തമ്മിൽ സോപാധിക വെടിനിർത്തലിന് ധാരണയായി. രണ്ടാഴ്ച കാലത്തേക്കാണ് വെടിനിർത്തൽ.ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ വെടിനിർത്തലിന് ഔദ്യോഗികമായി സമ്മതിക്കുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്യുമെന്ന് ഇറാൻ അറിയിച്ചു.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ” ഇറാൻ വെടിനിർത്തലിന് സമ്മതിക്കുമെന്നും രണ്ടാഴ്ചത്തേക്ക്, ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കടന്നുപോകൽ സാധ്യമാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രഖ്യാപിച്ചു. ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതിക പരിമിതിക്കുള്ളിലുമായിരിക്കും ഇതു നടപ്പാക്കുക എന്നും അദ്ദേഹം അറിയിച്ചു.
യുഎസ് – ഇറാൻ ചർച്ചകൾക്ക് പാക്കിസ്ഥാനാണ് മാധ്യസ്ഥം വഹിച്ചത്.“യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചുകൊണ്ട് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു” എന്നാണ് ഇറാൻ്റെ ഔദ്യോഗിക വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തത്.
ഇറാൻ പറയുന്നതനുസരിച്ച്, സോപാധിക വെടിനിർത്തലിനുള്ള 10-ഇന നിർദേശങ്ങൾ ഇവയാണ്
1 ഇറാഖ്, ലെബനൻ, യെമൻ എന്നിവയ്‌ക്കെതിരായ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുക
2 സമയപരിധിയില്ലാതെ ഇറാനെതിരായ യുദ്ധം പൂർണ്ണവും സ്ഥിരവുമായി അവസാനിപ്പിക്കുക
3 മേഖലയിലെ എല്ലാ സംഘർഷങ്ങളും പൂർണ്ണമായും അവസാനിപ്പിക്കുക
4 ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക
5 ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കുക
6 ഇറാൻ പുനർനിർമ്മിക്കുന്നതിന് ആവശ്യമായ ചെലവുകൾക്കുള്ള നഷ്ടപരിഹാരം പൂർണ്ണമായി നൽകുക
7 ഇറാനിനെതിരായ ഉപരോധങ്ങൾ പൂർണമായും നീക്കുക
8 യുണൈറ്റഡ് സ്റ്റേറ്റ്സ് കൈവശം വച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകളും മരവിപ്പിച്ച ആസ്തികളും വിട്ടുകൊടുക്കുക
9 ആണവായുധം കൈവശം വയ്ക്കാൻ ഇറാൻ ശ്രമിക്കില്ല ഇതിൽ ഇറാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്
10 മേൽപ്പറഞ്ഞ വ്യവസ്ഥകൾ അംഗീകരിച്ചാലുടൻ ഉടനടി വെടിനിർത്തൽ പ്രാബല്യത്തിൽ വരും.
ഇറാൻ പത്തിന നിർദേശങ്ങൾ അറിയിച്ചുണ്ടെന്നും അതിൻ്റെ വിശദാംശങ്ങൾ പരിശോധിച്ചിട്ടല്ലെങ്കിലും ചർച്ച ചെയ്തു അന്തിമ തീരുമാനത്തിലേക്ക് എത്താമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘രണ്ടാഴ്ച സമയത്തിനുള്ളിൽ ദീർഘകാലമായുള്ള ഒരു പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് യുഎസ് കരുതുന്നു’ – പ്രസിഡൻ്റ് പറഞ്ഞു

