Monday, April 6, 2026
HomeNewsശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ നാളെ മുതൽ വാദം

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹർജികളിൽ നാളെ മുതൽ വാദം

ന്യൂഡൽഹി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും അനുബന്ധ വിഷയങ്ങളിലും സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക വിഷയത്തിൽ വാദം കേൾക്കുന്നത്. ജസ്റ്റിസ് ബി. വി. നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ അംഗം.

ആചാരപരമായ കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 7 മുതൽ 9 വരെ പുനഃപരിശോധനാ ഹർജിക്കാർക്കും അവരെ അനുകൂലിക്കുന്നവർക്കും വാദിക്കാം. ഏപ്രിൽ 14 മുതൽ 16 വരെ ഹർജികളെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. കേരളം വോട്ടെടുപ്പിൻ്റെ ചൂടിൽ നിൽക്കേ സംസ്ഥാനസർക്കാർ ഇതിൽ ഏതുഭാഗത്തിനൊപ്പം ചേരുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

ഏപ്രിൽ 21, 22 തീയതികളോടെ വാദങ്ങൾ പൂർത്തിയാക്കി കേസ് വിധിപറയാൻ മാറ്റിവെക്കുമെന്നാണ് കരുതുന്നത്.ശബരിമല കേസിന് പുറമെ, മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്സി സ്ത്രീകൾക്ക് മറ്റ് മതസ്ഥരെ വിവാഹം കഴിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിവേചനം തുടങ്ങിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് പ്രധാന ഭരണഘടനാ വിഷയങ്ങളും ഈ ബെഞ്ച് പരിശോധിക്കുന്നുണ്ട്.

2018 സെപ്റ്റംബർ 28-ലെ സുപ്രീം കോടതി വിധിയിലൂടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട അറുപതോളം പുനഃപരിശോധനാ ഹർജികളിലാണ് ഇപ്പോൾ അന്തിമവാദം നടക്കുന്നത്. രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും സ്ത്രീസമത്വത്തെയും സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഒന്നായിരിക്കും ഈ ബെഞ്ചിൻ്റെ വരാനിരിക്കുന്ന വിധി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments