Monday, April 6, 2026
HomeAmericaട്രംപ് നിർദ്ദേശിച്ചു: ഇറാൻ ഭൂപ്രദേശ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിയന്ത്രിക്കാൻ പ്ലാനറ്റ് ലാബ്സ്

ട്രംപ് നിർദ്ദേശിച്ചു: ഇറാൻ ഭൂപ്രദേശ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിയന്ത്രിക്കാൻ പ്ലാനറ്റ് ലാബ്സ്

കാലിഫോർണിയ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ, ഇറാന്റെയും പരിസര പ്രദേശങ്ങളുടെയും സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിയന്ത്രിക്കാൻ കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലാനറ്റ് ലാബ്സ് തീരുമാനിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം നൽകിയ പ്രത്യേക നിർദേശത്തെത്തുടർന്നാണ് ഈ നടപടി. വൈറ്റ് ഹൗസിലെ ക്രോസ് ഹാളിൽ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന സൈനിക വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിലെ ഹൈഫ തുറമുഖത്തും എണ്ണശുദ്ധീകരണ ശാലകളിലും പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെയും പശ്ചിമേഷ്യയിലെ മറ്റ് സംഘർഷ മേഖലകളുടെയും ഉയർന്ന വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നത് കമ്പനി അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചത്.

നിശ്ചിത മേഖലകളിൽ നിന്നുള്ള ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ ഇനി മുതൽ ലഭ്യമാകില്ല. യുദ്ധം അവസാനിക്കുന്നത് വരെ ഈ നിയന്ത്രണം തുടർന്നേക്കും. 2026 മാർച്ച് 9 മുതലുള്ള ചിത്രങ്ങൾക്കാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. അതീവ ഗുരുതരമായ സാഹചര്യങ്ങളിലും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിലും മാത്രമേ ഇനി മുതൽ ചിത്രങ്ങൾ അനുവദിക്കൂ. ഓരോ അപേക്ഷയും പ്രത്യേകമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക.

ശത്രുരാജ്യങ്ങൾ ഈ ചിത്രങ്ങൾ ഉപയോഗിച്ച് അമേരിക്കൻ സൈന്യത്തെയോ സഖ്യകക്ഷികളെയോ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. നേരത്തെ ഈ ചിത്രങ്ങൾ ലഭ്യമാക്കുന്നതിൽ 96 മണിക്കൂർ കാലതാമസം വരുത്തിയിരുന്നത് പിന്നീട് 14 ദിവസമായി വർധിപ്പിച്ചിരുന്നു. ഇപ്പോഴത് അനിശ്ചിതകാല വിലക്കിലേക്ക് മാറ്റിയിരിക്കുകയാണ്. 2026 ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച വ്യോമാക്രമണമാണ് മേഖലയെ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ഇസ്രായേലിനും ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.

മുൻ നാസ ശാസ്ത്രജ്ഞരായ ക്രിസ് ബോപ്പുയിസൻ, വിൽ മാർഷൽ, റോബി ഷിംഗ്ലർ എന്നിവർ ചേർന്ന് 2010ൽ കാലിഫോർണിയയിൽ സ്ഥാപിച്ച സ്വകാര്യ സാറ്റലൈറ്റ് കമ്പനിയാണിത്. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന നൂറുകണക്കിന് ചെറിയ ഉപഗ്രഹങ്ങൾ ഇവർക്കുണ്ട്. ഓരോ ദിവസവും ഭൂമിയുടെ എല്ലാ ഭാഗങ്ങളും സ്കാൻ ചെയ്യാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ചുരുക്കം ചില സ്വകാര്യ ഏജൻസികളിൽ ഒന്നാണിത്.

മാക്സർ (Maxar Technologies), ബ്ലാക്ക് സ്കൈ (BlackSky) തുടങ്ങിയ പ്രമുഖ ഉപഗ്രഹ ചിത്ര ദാതാക്കളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അമേരിക്കൻ പ്രതിരോധ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനികളായതിനാൽ, ദേശീയ സുരക്ഷ മുൻനിർത്തി സർക്കാരിന്റെ ഇത്തരം നിർദേശങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്ഥരാണ്. എന്നാൽ സംഘർഷ മേഖലക്ക് പുറത്തുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിൽ മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments