തിരുവനന്തപുരം : കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിലെ പാവപ്പെട്ടവരുടെ കിടപ്പാടത്തിന് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നത് മറച്ചുവെച്ചാണ് രേവന്ത് കേരളത്തെ പഠിപ്പിക്കാൻ വരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കേരളത്തിലെ സാമൂഹ്യപുരോഗതിയെക്കുറിച്ച് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന ഔദ്യോഗിക കണക്കുകൾ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ (2023-24) 79 പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തെലങ്കാന ആറാം സ്ഥാനത്താണ്. സ്വന്തം ദൗർബല്യങ്ങൾ മറച്ചുവെച്ചാണ് രേവന്ത് കേരളത്തെ അപഹസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതി ആയോഗിന്റെ കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് വെറും 0.55% മാത്രമാണ്. എന്നാൽ തെലങ്കാനയിലിത് 5.88% ആണ്. 2025 അവസാനത്തോടെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയ നേട്ടം മുഖ്യമന്ത്രി ഉയർത്തിക്കാട്ടി. തെലങ്കാനയിലെ അതിദരിദ്രരെ കൈപിടിച്ചുയർത്തേണ്ട എന്ന് അവിടുത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.
അമേരിക്കയെപ്പോലെയുള്ള വൻശക്തികൾക്ക് പോലും വെല്ലുവിളിയാകുന്ന ശിശുമരണ നിരക്കിലെ കുറവ് (ആയിരത്തിന് 5) കേരളം കൈവരിച്ചത് രേവന്ത് റെഡ്ഡി കാണുന്നില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തെലങ്കാനയിൽ ശിശുമരണ നിരക്ക് ഇതിന്റെ നാലിരട്ടിയാണ്. സാക്ഷരതയിൽ കേരളം 95.3% നേടി മുന്നേറുമ്പോൾ തെലങ്കാന ഇപ്പോഴും 76.9 ശതമാനത്തിൽ നിൽക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരള സർക്കാരും കേന്ദ്രവും ഒത്തുകളിക്കുകയാണെന്ന ആരോപണത്തെയും മുഖ്യമന്ത്രി തള്ളി. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടാൻ നട്ടെല്ലില്ലാത്ത കോൺഗ്രസാണ് ബി.ജെ.പിയുടെ യഥാർത്ഥ ബി-ടീം. ശമ്പളവും പെൻഷനും മുടങ്ങുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും യു.ഡി.എഫ് കാലത്തെ ട്രഷറി പൂട്ടൽ പഴങ്കഥയാക്കിയ കേരളത്തിൽ നിന്ന് ഭരണനിർവ്വഹണത്തിന്റെ പാഠങ്ങൾ പഠിക്കാൻ രേവന്ത് റെഡ്ഡിയെ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

