ദുബായ് : യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം ആരംഭിക്കും മുൻപും നടന്നുകൊണ്ടിരിക്കുമ്പോഴും ടെൽ അവീവിലും ദോഹയിലും ദുബായിലും ഇറാന്റെ മിസൈൽ ആക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി. ഇന്നലെ രാവിലെ ഇസ്രയേലിലേക്ക് തുടർച്ചയായ മിസൈൽവർഷമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദിയുടെ കിഴക്കൻ മേഖലയിലും ആക്രമണമുണ്ടായി. സൗദി അറേബ്യ,യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങളും ലക്ഷ്യമിടുമെന്നു ഇറാൻ സേന മുന്നറിയിപ്പു നൽകി
അതേസമയം, കരയുദ്ധത്തിന് യുഎസ് സേന ഇറാനിൽ ഇറങ്ങിയാൽ നേരിടാൻ 70 ലക്ഷം ഇറാൻകാർ സജ്ജരാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. സൈന്യത്തിൽ ചേരാൻ ആഹ്വാനം ചെയ്തു വലിയ പ്രചാരണം സർക്കാർ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. വിരമിച്ച സൈനികരുടെ സേവനവും തേടിയിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിൽ കുട്ടികളെ ചേർക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഇറാനിൽ യുഎസ് സേന ഇറങ്ങിയാൽ, ഒരൊറ്റ സൈനികനും ജീവനോടെ മടങ്ങിപ്പോവില്ലെന്ന് ഇറാൻ കരസേനാ മേധാവി മേജർ ജനറൽ അമീർ ഹാത്തമി പറഞ്ഞു. ഇറാന്റെ ഏറ്റവും കരുത്തുള്ള ആയുധങ്ങൾ ഇനിയും പുറത്തെടുത്തിട്ടില്ലെന്നും രാജ്യത്തിനു രഹസ്യ ആയുധശേഖരവും ആയുധ ഫാക്ടറിയും ഉണ്ടെന്നും ഇറാൻ സായുധസേനാ വക്താവ് പറഞ്ഞു. ‘നിങ്ങൾ ബോംബിട്ടു തകർത്ത കേന്ദ്രങ്ങൾ അപ്രധാനങ്ങളാണ്. നിങ്ങൾക്കറിയാത്ത കേന്ദ്രങ്ങളിലാണ് ഞങ്ങളുടെ ആയുധങ്ങൾ നിർമിക്കുന്നത്–സേനാ വക്താവ് ലഫ് കേണൽ ഇബ്രാഹിം ദുൽഫഹാരി പറഞ്ഞു.
എന്നാൽ യുഎസിനും ഇസ്രയേലിനും വ്യാപകവും വിനാശകരവുമായ തിരിച്ചടി നൽകുമെന്നും ശത്രുക്കൾ മുട്ടുകുത്തും വരെ യുദ്ധം തുടരുമെന്നും ഇറാൻ പ്രതികരിച്ചു. അഞ്ചാം ആഴ്ചയിലെത്തിയ യുദ്ധത്തിൽ ഇന്നലെയും ഇരുപക്ഷവും രൂക്ഷമായ ആക്രമണം തുടർന്നു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണത്തിൽ പാലവും ഉരുക്കുഫാക്ടറിയും തകർന്നു.

