Friday, July 3, 2026
HomeNewsവിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന്റെ കരാർ ലംഘമെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന്റെ കരാർ ലംഘമെന്ന് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി.)ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന വിലയിരുത്തലിൽ സർക്കാർ. 2015-ലെ കൺസഷൻ കരാർ പ്രകാരം തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷത്തിന് ശേഷം 74 ശതമാനം വരെ ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ അനുമതിയുണ്ടെങ്കിലും, അതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ് വ്യവസ്ഥ.

എന്നാൽ, എം.എസ്.സി.യുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി ജൂൺ 29-ന് കരാർ ഒപ്പുവെച്ച ശേഷമാണ് ജൂലൈ ഒന്നിന് സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിക്ക് അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നൽകിയത്. കരാറിന് അംഗീകാരം നൽകണമെന്നാണ് കത്തിലെ ആവശ്യം. മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനുമായി കരാറിൽ ഏർപ്പെട്ടതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചതായാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വിഷയം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ, അദാനി ഗ്രൂപ്പിനോട് സർക്കാർ വിശദീകരണം തേടും. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും അനുമതിയും ആവശ്യമായി വരും. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാരിന്റെ നിലപാടും നിർണായകമാകും.

പൊതുതാൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമേ ഓഹരി കൈമാറ്റം അനുവദിക്കാവൂ എന്നതാണ് നിലവിലെ കരാറിലെ പ്രധാന വ്യവസ്ഥ. പൊതുമേഖലാ അടിസ്ഥാനസൗകര്യ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിൽ മത്സരം ഉറപ്പാക്കുകയും എല്ലാ സംരംഭകർക്കും തുല്യ അവസരം ലഭ്യമാക്കുകയും വേണമെന്നാണ് സർക്കാർ നിലപാട്.

ആഗോള ഷിപ്പിങ് ഭീമനായ എം.എസ്.സി. തുറമുഖ നടത്തിപ്പിനൊപ്പം കണ്ടെയ്‌നർ ഗതാഗതം, ലോജിസ്റ്റിക്സ്, വെയർഹൗസിങ്, കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകൾ, ട്രക്ക് സർവീസ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ, വിഴിഞ്ഞം കേന്ദ്രീകരിച്ച് വിപണിയിൽ കുത്തക സ്വഭാവം രൂപപ്പെടുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതുമൂലം മറ്റ് നിക്ഷേപകരുടെ താൽപര്യം കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും സർക്കാരിനുണ്ട്.

‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി കേരളത്തെ സമുദ്രവ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിനോടകം തന്നെ കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ വിഴിഞ്ഞത്ത് നിക്ഷേപ പദ്ധതികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിപണി കേന്ദ്രീകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോയെന്നതും സർക്കാർ പരിശോധിക്കും.

ഓഹരി കൈമാറ്റ അപേക്ഷ വിശദമായി പരിശോധിക്കുന്നതിനായി തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ റിപ്പോർട്ടും അന്തിമ തീരുമാനത്തിന് പരിഗണിക്കും. ഓഹരി കൈമാറ്റത്തിന് നിശ്ചിത സമയപരിധിക്കുള്ളിൽ അനുമതി നൽകണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് കത്തിൽ ഉന്നയിച്ചിട്ടില്ല.

കരാറിലെ പ്രധാന വ്യവസ്ഥകൾ പ്രകാരം ദേശീയ ആസൂത്രണ കമ്മിഷന്റെ പൊതുസ്വകാര്യ പങ്കാളിത്ത മാർഗരേഖ അടിസ്ഥാനമാക്കിയാണ് 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖ കരാർ ഒപ്പുവെച്ചത്. ആദ്യ കരാറിൽ തന്നെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് 2024-ൽ സംസ്ഥാന സർക്കാർ സപ്ലിമെന്ററി കരാർ ഒപ്പുവെച്ച് രണ്ടും മൂന്നും ഘട്ട നിർമാണം 2028-നകം പൂർത്തിയാക്കുക, നിർമാണം വൈകിയാലും 2034 മുതൽ സംസ്ഥാനത്തിന് വരുമാനം ലഭ്യമാക്കുക, നിർമാണ കാലതാമസത്തിന് അദാനി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുക തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments