അബുദാബി : യുഎഇയുടെ വ്യവസായ മേഖല ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിലെ കെസാദ് (KEZAD) വ്യവസായ മേഖലയ്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. യുഎഇയുടെ വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ പ്രതിരോധ സംവിധാനം തകർത്തെങ്കിലും, അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടിടത്ത് വൻ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത്.
പരിക്കേറ്റ ഇന്ത്യക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും യുഎഇ അധികൃതർ അറിയിച്ചു.അതേസമയം, അബുദാബിയിലെ ആക്രമണത്തിന് പിന്നാലെ മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാൻ്റിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. എന്നാൽ ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ഇസ്രയേലിൻ്റെ നടപടിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതിനിടെ, യുഎസ്, ഇസ്രയേൽ പക്ഷത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യുഎസിൻ്റെയും ഇസ്രയേലിൻ്റെയും വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണി മുഴക്കിയതോടെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

