വാഷിംഗ്‌ടൺ : വിമാനത്തിൽ നിന്ന് ശ്രദ്ധാപൂർവം പടികളിറങ്ങി വരുന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്; സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് ഈ വിഡിയോയാണ്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ 79കാരനായ ട്രംപിന്റെ ആരോഗ്യനിലയെ ചുറ്റിപറ്റിയാണ് ചർച്ചകൾ.
മാർച്ച് 21ന് ട്രംപ് ഫ്ലോറിഡയിലെത്തിയപ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ ട്രംപ് വളരെ ശ്രദ്ധയോടെ പതുക്കെ വിമാനത്തിൽ നിന്ന് പടികൾ ഇറങ്ങുന്നത് കാണാം. താഴെ എത്തുന്നതിന് മുൻപ് ഒരു സ്റ്റെപ്പിൽ കുറച്ച് നേരം നിൽക്കുന്നതും കാണാം. ‘‘ട്രംപ് കൂടുതൽ പ്രായമുള്ളയാളായിരിക്കുന്നു. അദ്ദേഹം ക്ഷീണിതനാണ്. പടികൾ ഇറങ്ങാൻ പോലും അദ്ദേഹത്തിന് പറ്റുന്നില്ല’’ – എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചത്. ട്രംപിന്റെ മുഖത്ത് ക്ഷീണമുണ്ടെന്നും അദ്ദേഹത്തിന് നടക്കാൻ സാധിക്കുന്നില്ലെന്നുമെല്ലാം പലരും വിഡിയോയിൽ കമന്റ് ചെയ്യുന്നുണ്ട്. പിന്നാലെയാണ് ട്രംപിന്റെ ആരോഗ്യനിലയെ പറ്റി വീണ്ടും ചർച്ചകൾ വന്നത്
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കസേരയിൽ ഇരിക്കാൻ ബുദ്ധിമുട്ടുന്ന ട്രംപിന്റെ മറ്റൊരു വിഡിയോയും പ്രചരിച്ചിരുന്നു. മേശയുടെ ഇരുവശങ്ങളിലും പിടിച്ച് കസേരയിൽ ഇരിക്കുന്നതും ഇരിക്കുമ്പോൾ അദ്ദേഹത്തിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. പിന്നാലെ അദ്ദേഹത്തിന് കണങ്കാലിൽ നീർവീക്കം, തൊലിയിൽ നിറവ്യത്യാസങ്ങൾ എന്നിവയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന റിപ്പോർട്ടുകളൊന്നും ഇതുവരെയും യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

