Monday, March 23, 2026
HomeNews10 മണ്ഡലങ്ങളിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ ബന്ധമെന്ന് വി.ഡി. സതീശൻ; തിരിച്ചടിച്ച് സി.പി.എം

10 മണ്ഡലങ്ങളിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ ബന്ധമെന്ന് വി.ഡി. സതീശൻ; തിരിച്ചടിച്ച് സി.പി.എം

തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി ഡീൽ ആരോപണം വിടാതെ കടുപ്പിച്ച് പ്രതിപക്ഷവും തടയിട്ട് നിശബ്ദമാക്കാൻ മറുവിഭാഗവും നിലയുറപ്പിച്ചതോടെ ഇനിയുള്ള എണ്ണിച്ചുട്ട പ്രചാരണ ദിനങ്ങളിൽ വിവാദം കത്തിയാളുമെന്നുറപ്പായി. പാലക്കാടിന് പുറമെ സംസ്ഥാനത്തെ 10 മണ്ഡലങ്ങളിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രണ്ടാം ദിവസം ആരോപിച്ചത്. ഇതേറ്റുപിടിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഞായറാഴ്ചയും രംഗത്തെത്തി.

ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം വി.ഡി. സതീശനെ വ്യക്തിപരമായി കടന്നാക്രമിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാവിലെ മുതൽ രാത്രിവരെ നുണപറയുന്ന പ്രതിപക്ഷ നേതാവായി സതീശൻ മാറിയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരിഹാസം ഇക്കാര്യം അടിവരയിടുന്നു. വികസന പദ്ധതികളുടെ ആത്മവിശ്വാസത്തിലും ക്ഷേമാനുകൂല്യങ്ങളുടെ തണലിലും തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ സി.പി.എമ്മിനെ സംബന്ധിച്ച് ആരോപണം അപ്രതീക്ഷിതമാണ്. ‘ഡീൽ’ ആരോപണം തങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെങ്കിലും മറുപടി പറഞ്ഞ് വിഷയം കത്തിക്കുന്നതിന് പകരം നിശ്ശബ്ദമാക്കി അവഗണിക്കാനുള്ള തന്ത്രവും ആവനാഴിയിലുണ്ട്.

അതേസമയം, പരാജയപ്പേടിയിലാണ് കോൺഗ്രസിന്‍റെ ആരോപണങ്ങളെന്ന കഴിഞ്ഞ ദിവസത്തെ അതേ ലൈനിൽ അൽപംകൂടി ആക്രമണ സ്വഭാവത്തിലാണ് രണ്ടാംനാൾ ബി.ജെ.പി. സി.പി.എം മനഃപൂർവം ദുർബലനായ, അല്ലെങ്കിൽ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശേഷിയുള്ള സ്ഥാനാർഥിയെ നിർത്തി ബി.ജെ.പിയെ സഹായിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ പ്രധാന ആരോപണം. പുതുയുഗയാത്ര സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി തൊടുത്ത ‘സി.ജെ.പി’ ആരോപണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ സംഭവിക്കുന്നത്. പാലക്കാട് സ്വതന്ത്രന് സി.പി.എം കൈമാറിയതിന് പുറമെ എൻ.ഡി.എയിൽ ബി.ജെ.പിക്ക് മെച്ചപ്പെട്ട വോട്ടുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് വിട്ടുനൽകിയതാണ് യു.ഡി.എഫ് പ്രശ്നവത്കരിക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ‘ഡീൽ’ ആരോപണം ഇരട്ടമുനയുള്ള ആയുധമാണ്. ന്യൂനപക്ഷ വോട്ടുകളെ ഏകോപിപ്പിക്കാൻ ഡീൽ വിവാദം സഹായിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ പോരാടുന്നത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിനെ, പ്രാദേശികമായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നവരായി ചിത്രീകരിക്കുന്നത് അവരുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. സ്വർണക്കടത്ത് കേസ്, ലാവലിൻ കേസ് തുടങ്ങിയവയിൽ കേന്ദ്രഏജൻസികൾ അന്വേഷണം മന്ദഗതിയിലാക്കിയത് ചൂണ്ടിക്കാട്ടുന്നതിനൊപ്പം പൂരം കലക്കലും ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചക്കുമെല്ലാം അനുബന്ധമായാണ് ഡീൽ ആരോപണം കോൺഗ്രസ് ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയം. ആരോപണങ്ങൾ പരിധിവിടുന്നപക്ഷം 1991ലെ കോ-ലീ-ബി സംഖ്യവും 2016ൽ നേമത്ത് താമര വിരിഞ്ഞ സാഹചര്യവുമെല്ലാം വിശദീകരിച്ചാകും സി.പി.എം പ്രതിരോധം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments