ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനക്ക്. ഹിരോഷിമ-നാഗസാക്കി ഇരകളുടെ കൂട്ടായ്മയായ നിഹോൻ ഹിദാൻക്യോ എന്ന സംഘടനക്കാണ് പുരസ്കാരം. ഹിബാകുഷ എന്ന പേരിലും ഈ സംഘടന അറിയപ്പെടുന്നുണ്ട്.
ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു. ആണവായുധങ്ങളില്ലാത്ത ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് നിഹോൻ ഹിദാൻക്യോ പ്രവർത്തിക്കുന്നത്. 1956ൽ, അതായത് ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷമാണ് ഈ സംഘടന രൂപംകൊണ്ടത്.
ആണവയുദ്ധങ്ങള്‍ തടയുകയും ആണവായുധങ്ങള്‍ ലോകത്തുനിന്ന് തുടച്ചുനീക്കുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍. ആണവ ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് രാജ്യങ്ങള്‍ തന്നെ നഷ്ടപരിഹാരം നല്‍കണം. ആണവാക്രമണ അതിജീവിതർക്കുള്ള സംരക്ഷണത്തിനായി നിലവിലുള്ള നയങ്ങളും നടപടികളും മെച്ചപ്പെടുത്തണം. ഇവ സാധ്യമാക്കുന്നതിനായി ഒരു അന്താരാഷ്ട്ര ഉടമ്പടിയിലെത്തണമെന്നതും ആഗോളസമ്മേളനം വിളിച്ചുചേർക്കണമെന്നതും സംഘടനയുടെ പ്രധാന ആവശ്യങ്ങളാണ്.