മസ്‌കത്ത്: ഒമാനിലെ സൊഹാറിൽ വെള്ളിയാഴ്ച ഡ്രോണുകൾ വീണുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. സംഭവത്തിൽ പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാരാണ്. ഇവരിൽ അഞ്ചു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അഞ്ചുപേരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. ചികിത്സയിലുള്ള അഞ്ചു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. സോഹാറിലെ അൽ ഓഹി വ്യവസായ മേഖലയിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഒരു ഡ്രോൺ വിലായത്തിലെ തുറസ്സായ സ്ഥലത്താണ് വീണത്, അതുകൊണ്ടുതന്നെ അവിടെ ആർക്കും പരിക്കേറ്റിരുന്നില്ല.
മറ്റൊരു ഡ്രോൺ ലേബർ ക്യാമ്പിന് മുകളിലാണ് വീണത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി ഒമാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

