Tuesday, March 3, 2026
HomeNewsആറ്റുകാൽ പൊങ്കാല: മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം

ആറ്റുകാൽ പൊങ്കാല: മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ മസ്ജിദും സെന്‍റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന പാളയത്ത് പൊങ്കാലയ്ക്കായെത്തുന്നവർക്കുള്ള സൗകര്യങ്ങളെല്ലാം മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഒരുക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ഇതൊക്കെയാണ് “റിയൽ കേരള സ്റ്റോറി’ യെന്ന രീതിയിൽ കേരളം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ആഹ്വാനം മാത്രമല്ല പാളയം ജുമാ മസ്ജിദിൽ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമടക്കം പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ പൊള്ളുന്ന ചൂടിനിടെ വിശ്രമിക്കാൻ മുൻ വർഷങ്ങളിൽ കമ്യൂണിറ്റി ഹാളായിരുന്നു തുറന്ന് നൽകിയിരുന്നതെങ്കിൽ ഇത്തവണ പ്രത്യേക പന്തൽ തന്നെ ഒരുക്കിയിട്ടുണ്ട്. രാവിലെ പൊങ്കാലയർപ്പിക്കുന്നതിനായി ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് അടുപ്പുകൾ നിറഞ്ഞിരുന്നു.

പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവർക്ക് നോമ്പ് കഞ്ഞി, ചായ, സ്നാക്സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി സൗകര്യങ്ങളൊരുക്കി വരുന്നുണ്ടെന്ന് പാളയം ഇമാം പറയുന്നു. തൊട്ടടുത്ത സെന്‍റ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയിരിക്കുന്നത്.നഗരത്തിലുടനീളം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭക്ഷണം, വെള്ളം, മോര്, പഴങ്ങൾ, ജ്യൂസ് ഉൾപ്പടെ നൽകിവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments