തിരുവനന്തപുരം: ശക്തമായ ത്രികോണപ്പോരിന് വേദിയൊരുങ്ങുന്ന പാലക്കാട്ടേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി കെ.എസ്. ശബരീനാഥും പരിഗണനയിൽ. സിറ്റിങ് സീറ്റാണെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന്റെയും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ സീറ്റ് നിലനിർത്താൻ സർപ്രൈസ് സ്ഥാനാർഥികൾ അനിവാര്യമെന്ന വിലയിരുത്തിലാണ് നേതൃത്വം. ഈ സാഹചര്യത്തിലാണ് ശബരിയുടെയും ഒപ്പം കെ. മുരളീധരന്റെയും പേരുകളിലേക്ക് ചർച്ച വഴിമാറുന്നത്.
അതേസമയം, ഇതിനകം വട്ടിയൂർകാവ് കേന്ദ്രീകരിച്ച് അനൗദ്യോഗികമായി പ്രവർത്തനം തുടങ്ങിയ മുരളീധരൻ, പാലക്കാട്ടേക്ക് പോകാൻ സാധ്യത കുറവാണ്. ഇതോടെയാണ് നിലവിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായ ശബരിയിലേക്ക് ചർച്ചകൾ വഴിമാറുന്നത്. സിവിൽ സർവിസിൽനിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ, നടൻ രമേശ് പിഷാരടി എന്നിവരുടെ പേരുകൾ ഇവിടേക്ക് നേരത്തെ കേട്ടിരുന്നെങ്കിലും സാഹചര്യങ്ങൾ മാറിയതോടെയാണ് ചർച്ചകളിലെയും മാറ്റം.
ഇതിനുപുറമെ സിറ്റിങ് എം.എൽ.എമാരടക്കം കോൺഗ്രസിന്റെ 40 പേരുടെ ആദ്യഘട്ട പട്ടികയിൽ ചർച്ച അന്തിമമാകുന്നതായാണ് സൂചന. ഇതിൽ കെ. ബാബുവും രാഹുൽ മാങ്കൂട്ടത്തിലുമൊഴികെ 20 പേരും സിറ്റിങ് എം.എൽ.എമാരാണ്. പുറമെ തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ, വട്ടിയൂർകാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി എന്നിവർ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 15 മണ്ഡലങ്ങളിൽ രണ്ടോ മൂന്നോ പേരുടെ സ്ഥാനാർഥി പാനലാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ പേരാമ്പ്ര, കൊയിലാണ്ടി, കണ്ണൂർ മണ്ഡലങ്ങളിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരുണ്ട്.
ഈഴവ പ്രാതിനിധ്യ കുറവ് ചൂണ്ടിക്കാട്ടി മത്സരത്തിന് താൽപര്യമറിയിച്ച അടൂർ പ്രകാശ് എം.പിക്കുള്ള വഴിയടക്കലും മറുപടിയുമാണിതെന്ന സൂചനകളുമുണ്ട്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് ഹൈകമാൻഡ് നിലപാട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കാലയളവിൽ പകരം എ.പി. അനിൽകുമാറിന് ചുമതല നൽകിയേക്കും.
യൂത്ത് കോൺഗ്രസ് 15 പേരുടെ പട്ടികയാണ് സമർപ്പിച്ചത്. ഇത് പത്തായി ചുരുക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അബിൻ വർക്കി (ആറന്മുള), അരിത ബാബു (കായംകുളം), ഒ.ജെ. ജനീഷ് (കൊടുങ്ങല്ലൂർ) എന്നിവയടക്കമാണ് യൂത്ത് കോൺഗ്രസ് പട്ടിക. ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളെ മാർച്ച് ഒന്നിന് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സണ്ണി ജോസഫ്, വി.ഡി. സതീശൻ, അടൂർ പ്രകാശ്, കേരളത്തിൽ നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരാണ് ഡൽഹിയിലേക്ക് പോകുക. പുതുയുഗ യാത്ര ഞായറാഴ്ചകളിൽ അവധിയാണ്. അന്ന് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി യോഗവും ഡൽഹിയിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ സമാപനത്തോടെ കോൺഗ്രസ് ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം

