വാഷിങ്ടൺ : വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ചുങ്കത്തിനെതിരായ യു.എസ് സുപ്രീംകോടതി വിധിയിൽ ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകയൊന്നുമുണ്ടാവില്ലെന്ന സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി മൂലം ഇന്ത്യയുമായുള്ള കരാറിൽ മാറ്റമൊന്നുമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള കരാറിൽ ഒരു മാറ്റവും ഉണ്ടാവില്ല. അവർ താരിഫ് നൽകും എന്നാൽ, നമ്മൾ താരിഫ് നൽകില്ലെന്ന് വാർത്താസമ്മേളനത്തിൽ ട്രംപ് പ്രതികരിച്ചു.
പകര ചുങ്കം നയം നിയമ വിരുദ്ധമെന്ന് വിധിച്ച സുപ്രീം കോടതി, രാജ്യങ്ങൾക്കു മേൽ ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും വ്യക്തമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിനിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 6-3 വിധിന്യായത്തിലാണ് ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയം തള്ളിയത്.
നിയമനിർമാണത്തിലൂടെ യു.എസ് കോൺഗ്രസിന് മാത്രമാണ് നികുതി ചുമത്താനുള്ള അധികാരമുള്ളൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ.ഇ.ഇ.പി.എ) ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന കീഴ് കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.നികുതി ചുമത്താനുള്ള അധികാരം യു.എസ് കോൺഗ്രസിന് മാത്രമാണെന്നും പ്രസിഡന്റിന് ഇതിൽ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

