ന്യൂഡൽഹി: മുംബൈ തീരത്തുനിന്ന് മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു. അമേരിക്കൻ ഉപരോധം ലംഘിച്ച ഇറാനുമായി ബന്ധമുള്ള കപ്പലുകളാണ് ഇവയെന്നാണ് റിപ്പോർട്ട്. എന്നാൽ, കപ്പലുകൾക്കോ അവയിലെ ചരക്കുമായോ ബന്ധമില്ലെന്ന് നാഷനൽ ഇറാനിയൻ ഓയിൽ കമ്പനിയെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുകൾ കണ്ടെത്തിയത്. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇവ തടയുകയായിരുന്നു. സ്റ്റെല്ലാർ റൂബി, ആസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ മൂന്ന് കപ്പലുകളാണ് പിടിച്ചെടുത്തത്. ഇവയെ മുംബൈ തുറമുഖത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യ പിടിച്ചെടുത്ത കപ്പലുകൾക്ക് സമാനമായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നമ്പറുകളുള്ള മൂന്ന് കപ്പലുകൾക്ക് – ഗ്ലോബൽ പീസ്, ചിൽ 1, ഗ്ലോറി സ്റ്റാർ 1 – കഴിഞ്ഞ വർഷം ഉപരോധം ഏർപ്പെടുത്തിയിരുന്നെന്ന് യു.എസ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ അറിയിച്ചു.
കപ്പലിൽനിന്ന് കപ്പലിലേക്ക് എണ്ണ മാറ്റി നിറച്ച് പേരുവിവരങ്ങൾ നിരന്തരം മാറ്റിയാണ് ഇവ സഞ്ചരിക്കാറ്. ഇത്തരം അനധികൃത വ്യാപാരം തടയുന്നതിനായി സമുദ്രമേഖലയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഏകദേശം 55 കപ്പലുകളും 12 ഓളം വിമാനങ്ങളും ഇപ്പോൾ ഇന്ത്യയുടെ സമുദ്ര മേഖലകളിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.

