Tuesday, February 17, 2026
HomeAmerica"അമേരിക്കൻ വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രം": യുഎസ് സ്റ്റേറ്റ്...

“അമേരിക്കൻ വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രം”: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ : യുഎസ് വിസ എന്നത് ആർക്കും അവകാശപ്പെട്ട ഒന്നല്ലെന്നും അതൊരു ‘പ്രിവിലേജ്’ അഥവാ പ്രത്യേക ആനുകൂല്യം മാത്രമാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവർത്തിച്ചു വ്യക്തമാക്കി. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

വിസ എന്നത് ഭരണഘടനാപരമായ അവകാശമല്ല, മറിച്ച് രാജ്യത്തേക്ക് അതിഥിയായി പ്രവേശിക്കാനുള്ള അനുമതി മാത്രമാണ്. ഒരു സന്ദർശകൻ (വിദ്യാർത്ഥിയോ, ടൂറിസ്റ്റോ, മാധ്യമപ്രവർത്തകനോ ആരുമാകട്ടെ) അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾക്കോ സുരക്ഷയ്ക്കോ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവരുടെ വിസ ഉടൻ റദ്ദാക്കും- റൂബിയോ ആവർത്തിച്ചു.“ഞാൻ ഇത് ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ചിലർക്ക് ഇത് മനസ്സിലാക്കാൻ ഇത്ര പ്രയാസം എന്താണെന്ന് എനിക്കറിയില്ല. ഒരാൾക്കും വിസ ലഭിക്കാൻ പ്രത്യേക അവകാശമില്ല”- റൂബിയോ പറയുന്നു.

നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി, വിസ എന്നത് നിബന്ധനകൾക്ക് വിധേയമാണെന്നും ഏത് സമയത്തും റദ്ദാക്കാമെന്നുമുള്ള യുഎസ് സർക്കാരിന്റെ കർശന നിലപാടിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് അല്ലെങ്കിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയ കാരണങ്ങളാൽ ലോകമെമ്പാടുമുള്ള കോൺസുലർ ഓഫീസർമാർ വിസ നിഷേധിക്കാറുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ 60,000 മുതൽ 70,000 വരെ വിസകൾ യുഎസ് റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടെന്നും റൂബിയോ വെളിപ്പെടുത്തി.

വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു പ്രത്യേക ആനുകൂല്യം മാത്രമാണെന്ന് മുൻപും റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഭരണഘടനാപരമായ പരിരക്ഷകളൊന്നുമില്ലെന്ന കർശനമായ കുടിയേറ്റ വിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

ഹമാസിനെ അനുകൂലിച്ചു എന്നാരോപിച്ച് ചില വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് റൂബിയോ തൻ്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ, 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസകൾ യുഎസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തിനെതിരെ നിലവിൽ യുഎസിൽ നിയമപോരാട്ടങ്ങൾ നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments