കൊച്ചി: ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസ്സം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പൊലീസ് ആംബുലൻസിന് വഴിയൊരുക്കുന്നത്. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ ചരിത്രത്തിന്‍റെ ഭാഗമാകും. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുന്നത്. അവയവ ദാതാവും സ്വീകർത്താവും ഏറ്റവും പ്രായം കുറഞ്ഞവർ ആണെന്ന പ്രത്യേകതയും ഈ അവയവദാനത്തിനുണ്ട്.
രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയാകും. അതിനു ശേഷം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇതിന്റെ തയാറെടുപ്പുകൾ പൂർത്തിയായി. ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.

