തിരുവനന്തപുരം: സർക്കാറിനെ അറിയിക്കാതെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇരുവരെയും വിളിച്ചത് നിയമപ്രകാരം തന്നെയാണെന്ന് വ്യക്തമാക്കിയ ഗവർണർ വിവരങ്ങൾ ബോധിപ്പിക്കാത്തതാണ് ചട്ടലംഘനംമെന്നും ചൂണ്ടിക്കാട്ടി. ക്രിമിനൽ പ്രവർത്തനങ്ങൾ സാങ്കേതികം പറഞ്ഞ് മറച്ചു വയ്ക്കാനാകില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 166 (3 ) പ്രകാരവും 167 പ്രകാരവുമാണ് വിവരങ്ങൾ തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മറുപടി നൽകാത്തത് മുഖ്യമന്ത്രിയ്ക്ക് പലതും മറയ്ക്കാനുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതാണെന്നും ഗവർണർ ആരോപിച്ചു.
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച നടപടി ശരിയായില്ലെന്നുമായിരുന്നു സർക്കാർ ഗവർണർക്ക് കത്തയച്ചത്. ഗവർണറുടെ നിലപാട് ഭരണഘടന ലംഘനമാണെന്നും സർക്കാർ ആരോപിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ദ ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടിയാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. ഇന്ന് വൈകീട്ട് നാലിന് ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. സ്വർണക്കടത്ത്, ഹവാല കേസുകൾ, ഫോൺ ചോർത്തൽ എന്നിവ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരാണെന്ന് വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ദേശവിരുദ്ധർ ആരാണെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും ഇതിന് പിന്നിൽ ആരാണെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ട ഗവർണർ അവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിൽ വ്യക്തത വരുത്തണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവർണർ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.