ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ട്വിസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ്.കോൺഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകൾ വന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ നേടുന്നതാണ് ലീഡുകൾ കാണിക്കുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങൾ ഹരിയാനയിലെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തിവെച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളിൽ ബിജെപിയും 37 സീറ്റുകളിൽ കോൺഗ്രസുമാണ് ഹരിയാനയിൽ മുന്നേറുന്നത്.
പകുതിയോളം വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാടുകയാണ്. രണ്ട് ടേം പൂർത്തിയാക്കിയ ബിജെപിക്ക് ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന വിലയിരുത്തലിൽ നിന്നാണ് പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്. ഭൂപീന്ദർ സിങ് ഹൂഡ നിഷ്പ്രയാസം സർക്കാർ ഉണ്ടാക്കുമെന്ന് സൂചന നൽകിയെങ്കിലും ലഭിക്കുന്ന ഫലം ബിജെപി ഹാട്രിക് അടിക്കാനുള്ള സാധ്യത തള്ളുന്നില്ല.