വൻ ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയുടെ വലിയൊരു ഭാഗം കടുത്ത തണുപ്പിലും മഞ്ഞുവീഴ്ചയിലും തുടരുന്നതിനിടെയാണ് ആഗോള താപനത്തെ ചോദ്യം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും തണുപ്പുള്ളപ്പോൾ ലോകം എങ്ങനെ ചൂടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ട്രംപിൻ്റെ ചോദ്യം. എന്നാൽ ട്രംപിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതികരിച്ചു.
ലോകം ചൂടാകുന്ന സാഹചര്യത്തിലും ശീതകാലവും തണുപ്പും ഉണ്ടാകുമെന്നും, അതിനെ ശാസ്ത്രം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അമേരിക്കയുടെ ചില ഭാഗങ്ങളിൽ തണുപ്പ് ശക്തമായിരിക്കുമ്പോഴും ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സാധാരണയേക്കാൾ ചൂടിലാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ദിവസേനയുള്ള പ്രാദേശിക കാലാവസ്ഥയും ദീർഘകാല ആഗോള കാലാവസ്ഥാ മാറ്റവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയത്. 1995 മുതൽ ആഗോളതലത്തിൽ ശീതകാല താപനില ശരാശരി 1.3 ഡിഗ്രി ഫാരൻഹീറ്റ് വർധിച്ചു. അമേരിക്കയിൽ ഈ വർധന ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ കുറവാണ്.“ഗ്ലോബൽ വാർമിംഗ് എവിടെയും പോയിട്ടില്ല. അത് ഇപ്പോഴും തുടരുകയാണ്,” എന്ന് പ്രിൻസ്റ്റൺ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഗബ്രിയേൽ വെക്കി അഭിപ്രായപ്പെട്ടു.
പറയുന്നത് ‘ആഗോള’ താപനത്തെക്കുറിച്ചാണെന്നും ഭൂമിയുടെ വെറും രണ്ട് ശതമാനം മാത്രമാണ് അമേരിക്കയെന്നും അതേസമയം ഓസ്ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോൾ സാധാരണയേക്കാൾ ചൂടിലാണ് എന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു. “ഭൂമി ചൂടാകുമ്പോഴും തണുത്ത ദിവസങ്ങളും ശീതകാലങ്ങളും പൂര്‍ണമായി ഇല്ലാതാകില്ല. എന്നാൽ അവയുടെ ആവർത്തനം കുറയും,” എന്ന് പ്രിൻസ്റ്റൺ സർവകലാശാലയിലെ മൈക്കൽ ഓപ്പൻഹൈമർ പറഞ്ഞു.
ചില ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ആർട്ടിക് മേഖല ചൂടാകുന്നത് അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ കൂടുതൽ കടുത്ത ശീതകാല തണുപ്പിന് കാരണമാകുന്നുണ്ടാകാം. എന്നാൽ ഇത് ഇപ്പോഴും ഗവേഷണ വിധേയമാണെന്നും എല്ലാ തണുപ്പ് തരംഗങ്ങളും കാലാവസ്ഥാ മാറ്റവുമായി ബന്ധിപ്പിക്കാനാകില്ലെന്നും വിദഗ്ധർ പറയുന്നു.
അതേസമയം, ട്രംപ് പറഞ്ഞത് പോലെ ഇതാദ്യമായല്ല അമേരിക്കയിൽ ഇത്തരം തണുപ്പ് അനുഭവപ്പെടുന്നത്. സർക്കാർ രേഖകൾ പ്രകാരം, കഴിഞ്ഞ നൂറ്റാണ്ടിൽ ഇതിലും കടുത്ത തണുപ്പ് പലതവണ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ശീതകാലങ്ങൾ പൊതുവേ മുൻകാലങ്ങളെക്കാൾ ചൂടായതിനാലാണ് ഇപ്പോഴത്തെ തണുപ്പ് കൂടുതൽ കടുത്തതായി തോന്നുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ, ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ കുറിപ്പിൽ, നിലവിലെ താപനിലകൾ അപൂർവമാണെന്ന് പറഞ്ഞ ട്രംപ് പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

