പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സന്നിധാനത്ത് നടന്ന യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമലയിലേക്ക് പോകുമ്പോഴാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നില്ല അതെന്നും രാജു എബ്രഹാം വിശദീകരിച്ചു. ചിത്രം പുറത്തുവന്ന ആദ്യദിവസം കൂടിക്കാഴ്ചയെ കുറിച്ച് ഓർമ്മ ഇല്ല എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ സെക്രട്ടറിയും സംശയത്തിന്റെ നിഴലിൽ എന്ന വാർത്ത പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണെന്നും രാജു ഏബ്രഹാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം ആരോപിച്ച് സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള മാധ്യമ ശ്രമം വിലപ്പോവില്ലെന്ന് രാജു ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. പുകമറ സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സന്നിധാനത്ത് നടന്ന യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമലയിലേക്ക് പോകുമ്പോഴാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നില്ല. ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീടായിരുന്നു അതെന്ന് വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്. അതുകൊണ്ടാണ് തലേ ദിവസം മാധ്യമങ്ങൾ വിളിച്ചപ്പോൾ അവിടെ പോയിട്ടില്ലെന്ന് മറുപടി പറഞ്ഞത്. ദീർഘയാത്ര പോകുമ്പോൾ പലയിടത്തും കയറാം. അത്രയ്ക്ക് പ്രാധാന്യമുള്ളതേ ഓർത്തിരിക്കൂ. കടകംപള്ളി മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഏഴെട്ട് വർഷം മുമ്പു നടന്ന ഈ സംഭവം ഓർത്തത് തന്നെ. അവിടെ നേരത്തെ കരുതി വച്ചിരുന്ന പ്രസന്റേഷൻ പ്രായമായ അച്ഛന് സമ്മാനിക്കാൻ പറഞ്ഞു. ഉടൻ തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തു. അതല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ല. ഉണ്ടായിരുന്നെങ്കിൽ പോറ്റി ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമായിരുന്നുവെന്നും രാജു ഏബ്രഹാം വിശദീകരിച്ചു.

