വാഷിംഗ്ടൺ: എഫ്.ബി.ഐ ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന കനേഡിയൻ മുൻ ഒളിമ്പിക് സ്നോബോർഡ് താരം റയാൻ വെഡ്ഡിംഗ് മെക്സിക്കോയിൽ വെച്ച് പിടിയിലായി. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഈ മാസം 22-നാണ് പിടികൂടിയത്. മെക്സിക്കോ സിറ്റിയിൽ വെച്ച് പിടിയിലായ ഇദ്ദേഹത്തെ അമേരിക്കൻ അധികൃതർക്ക് കൈമാറി. മെക്സിക്കോയിലെ യു.എസ് എംബസിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലാറ്റിനമേരിക്കയിൽ നിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കും വൻതോതിൽ കൊക്കെയ്ൻ കടത്തുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തെ നയിച്ചിരുന്നത് റയാനാണെന്ന് അധികൃതർ ആരോപിക്കുന്നു. പ്രതിവർഷം ഏകദേശം 100 കോടി ഡോളറിന്റെ ഇടപാടുകൾ ഇയാൾ നടത്തിയിരുന്നതായി പറയപ്പെടുന്നു.മയക്കുമരുന്ന് കടത്തിന് പുറമെ, ഇയാൾ ഉൾപ്പെട്ട കേസിലെ ഒരു സാക്ഷിയെ വധിച്ചതടക്കം ഒന്നിലധികം കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
റയാനെ പിടികൂടാൻ സഹായിക്കുന്നവർക്കായി എഫ്.ബി.ഐ 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2002-ലെ സാൾട്ട് ലേക്ക് സിറ്റി വിൻ്റർ ഒളിമ്പിക്സിൽ കാനഡയെ പ്രതിനിധീകരിച്ച താരമായിരുന്നു റയാൻ വെഡ്ഡിംഗ്. നിലവിൽ യു.എസ് കസ്റ്റഡിയിലുള്ള ഇദ്ദേഹം ജനുവരി 26 തിങ്കളാഴ്ച ലോസ് ഏഞ്ചൽസിലെ കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.

