ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമീഷണർ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രീംകോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലല്ലോയെന്ന് കേസ് പരിഗണിക്കുന്നവേളയിൽ സുപ്രീംകോടതി ചോദിച്ചു. കോടതി മുമ്പാകെ ജാമ്യഹർജി എത്തിയപ്പോൾ തന്നെ ഇത് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്ത്.ആദ്യം ഹർജി പരിഗണിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് കോടതി തന്നെ തള്ളുകയായിരുന്നു. ജാമ്യത്തിനായി കീഴ്കോടതികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു എൻ.വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വാദമുഖങ്ങളൊന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് മുഖവിലക്കെടുത്തില്ല.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രംഗത്തെത്തിയിരുന്നു . കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിനു പിന്നാലെയാണ് നടപടി. റെയ്ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി അറിയുന്നു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണക്കട്ടി പിടിച്ചെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയാറാക്കിയ ഔദ്യോഗിക രേഖകളുൾപ്പെടെ വിവിധ ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഔദ്യോഗിക ശിപാർശകൾ, ഉത്തരവുകൾ, കത്തിടപാടുകൾ, സ്വകാര്യ ജ്വല്ലറികളുടെ ഇൻവോയ്സുകൾ, പണമടച്ച രേഖകൾ, രാസവസ്തുക്കൾ വേർതിരിച്ചെടുക്കൽ, പുനർനിർമാണം എന്നിവയുമായി ബന്ധപ്പെട്ട വാറന്റി സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്ന രേഖകളും പിടിച്ചെടുത്തു.
ദ്വാരപാലക വിഗ്രഹ ഭാഗങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ ഫ്രെയിം പാനലുകൾ, സ്വർണം പൊതിഞ്ഞ പുരാവസ്തുക്കൾ തുടങ്ങിയവ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി ചിത്രീകരിച്ച് അനധികൃതമായി നീക്കം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പുരാവസ്തുക്കൾ പിന്നീട് ചെന്നൈയിലെയും കർണാടകയിലെയും സ്മാർട്ട് ക്രിയേഷൻസ്, റോഡാം ജ്വല്ലേഴ്സ് എന്നിവയുൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി. അവിടെ അറ്റകുറ്റപ്പണികളുടെ മറവിൽ രാസപ്രക്രിയ വഴി സ്വർണം വേർതിരിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത സ്വർണവും അനുബന്ധ സ്വത്തുക്കളും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്നും അവ പ്രതികൾ സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. കൊച്ചി സോണൽ ഓഫിസിൽ നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.

