Friday, January 23, 2026
HomeAmericaഗ്രീൻലൻഡിനെ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

ഗ്രീൻലൻഡിനെ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: സഖ്യകക്ഷികൾക്ക് തലവേദനയായി ട്രംപ്. ഗ്രീൻലൻഡിനെ ഉൾപ്പെടുത്തിയ പുതിയ ഭൂപടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചു. ആർട്ടിക് ദ്വീപിനെയും കാനഡയെയും വെനസ്വേലയെയും അമേരിക്കൻ പ്രദേശങ്ങളായി കാണിച്ച് നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയെൻ തുടങ്ങിയവർ ഓവൽ ഓഫീസിൽ ഇരിക്കുന്നതായും പശ്ചാത്തലത്തിൽ പുതുക്കിയ ഒരു ഭൂപടം വീക്ഷിക്കുന്നതുമായ ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്.

മറ്റൊരു പോസ്റ്റിൽ, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരോടൊപ്പം ഗ്രീൻലൻഡിൽ യുഎസ് പതാക ഉയർത്തുന്നതായും കാണാം. സമീപത്തെ ഒരു ബോർഡിൽ -ഗ്രീൻലാൻഡ്, യുഎസ് ടെറിട്ടറി, est. 2026 എന്ന് എഴുതിയിരിക്കുന്നതും കാണാം.

അതേസമയം, മുമ്പ് ഗ്രീൻലൻഡ് വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വലിയ എതിർപ്പ് കാണിക്കില്ലെന്ന് അവകാശപ്പെട്ടിരുന്ന ട്രംപ് ഫ്ലോറിഡയിൽ സംസാരിക്കവെ, റഷ്യൻ, ചൈനീസ് സ്വാധീനത്തെ ചെറുക്കാൻ ഗ്രീൻലൻഡിന് ഒരു ദേശീയസുരക്ഷ ആവശ്യമാണെന്നും ഡെന്മാർക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോറിക്ക് നൊബേൽ സമാധാന സമ്മാനം ലഭിക്കാത്തതുമായി ബന്ധപ്പെടുത്തി ട്രംപ് കത്തയയ്ക്കുകയും ചെയ്‌തിരുന്നു.മറ്റൊരു ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ, ഗ്രീൻലൻഡിനെക്കുറിച്ച് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെയുമായി ടെലിഫോൺ സംഭാഷണം നടത്തിയതായും ട്രംപ് പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ‘ഭൂമിയിലെ ഏറ്റവും ശക്തമായ രാജ്യമാണ്’ എന്നും ട്രംപ് പ്രസ്താവിച്ചു. ഗ്രീൻലൻഡിനെ ഒരു യുഎസ് പ്രദേശമാക്കാൻ കഴിഞ്ഞ വർഷം പ്രസിഡൻ്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ട്രംപ് ശ്രമിച്ചിരുന്നു. ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുന്നത് അതിന്റെ തന്ത്രപരമായ സ്ഥാനം കാരണം ദേശീയ സുരക്ഷാ താത്പര്യങ്ങൾക്ക് സഹായകമാകുമെന്നാണ് ട്രംപിൻ്റെ അവകാശവാദം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് അദ്ദേഹം ഗ്രീൻലൻഡിനെ ഒരു യുഎസ് പ്രദേശമാക്കാനുള്ള ആവശ്യം ശക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments