Friday, January 23, 2026
HomeNewsവര്‍ഗീയതക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല, ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുകയാണെന്ന് പ്രതിപക്ഷ...

വര്‍ഗീയതക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല, ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ തിരുവനന്തപുരത്ത് സംസാരിച്ചത് വെള്ളാപ്പള്ളിക്കെതിരെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. വര്‍ഗീയതക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. വര്‍ഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കുമന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിൽ ജനങ്ങളെ മതപരമായും വർഗീയത പറഞ്ഞും ഭിന്നിപ്പിക്കാനാകില്ല. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസുണ്ടാകും, യു.ഡി.എഫുണ്ടാകും. ആ ജോലിയാണ് തങ്ങൾ ചെയ്യുന്നത്. വർഗീയതക്കെതിരെ നിലപാടിൽ വെള്ളം ചേർക്കില്ല. മതേതരത്വത്തിനായി ഉറച്ചുനിൽക്കും. വിദ്വേഷ പ്രചാരണം നടത്തുന്ന എല്ലാവർക്കും കേരളം ചുട്ട മറുപടി കൊടുക്കും. വർഗീയത പറയരുതെന്നാണ് താൻ പറഞ്ഞത്. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ല. വർഗീയതക്കെതിരെയാണ് ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ധീരതയോടെ ഫൈറ്റ് ചെയ്യുന്നത്.

വെള്ളാപ്പള്ളി നടേശൻ ആരുടേയും ഉപകരണമായി മാറരുത്. കാരണം അദ്ദേഹം ശ്രീനാരായണീയ പ്രസ്ഥാനത്തിന്‍റെ നേതാവാണ്. എൻ.എസ്.എസിനെ എസ്.എൻ.ഡി.പിയുമായി വേർപ്പെടുത്തുന്നതിൽ ലീഗിന് എന്തു റോളാണുള്ളത്. എന്തിനാണ് ലീഗിനെ അതിൽ വലിച്ചിഴക്കുന്നത്. മുസ്ലിം ലീഗ് യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്.എൻ.ഡി.പിയും എൻ.എസ്.എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാൻ പറ്റും. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ശബ്ദം ഒന്നുതന്നെയാണ്. എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഒന്നിച്ചു നിൽക്കട്ടെ. ആരും ചേരിതിരഞ്ഞ് നിൽക്കേണ്ടതില്ല. ഒരുമിച്ച് നിൽക്കുന്നത് നല്ല സന്ദേശമല്ലേയെന്നും എല്ലാവരും ഐക്യപ്പെട്ട് പോകണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും സതീശൻ കൂട്ടിച്ചേർത്തു.

പക്ഷേ ഇപ്പോൾ നടക്കുന്നത് വ്യാപകമായ വിദ്വേഷ പ്രചാരണമാണ്. ഭിന്നിപ്പിച്ച് അധികാരം കൈയെടുക്കുക എന്ന ബി.ജെ.പിയുടെ തന്ത്രമാണ് സി.പി.എമ്മും കേരളത്തിൽ നടപ്പാക്കുന്നതെന്നും സതീശൻ ആരോപിച്ചു. നേരത്തെ, എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

സതീശനെയും വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. ഇന്നലെ പൂത്ത തകരയാണ് വി.ഡി. സതീശനെന്നായിരുന്നു പരിഹാസം. താൻ വർഗീയ വാദിയാണെന്ന് രമേശ്‌ ചെന്നിത്തലയോ, വേണുഗോപാലോ എ.കെ. ആന്റണിയോ പറയട്ടെ. അപ്പോൾ അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments