Friday, January 23, 2026
HomeNewsവന്യജീവി ശല്യമല്ല, സി.പി.എമ്മിന്റെ ശല്യം: കോൺഗ്രസ് ഏറ്റെടുത്ത ...

വന്യജീവി ശല്യമല്ല, സി.പി.എമ്മിന്റെ ശല്യം: കോൺഗ്രസ് ഏറ്റെടുത്ത ദുരന്തബാധിതർക്കുള്ള ഭൂമിയിൽ സിപിഎമ്മിന് മറുപടിയുമായി ഷാഫി പറമ്പിൽ

കൽപറ്റ : മുണ്ടക്കൈ -ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് ഏറ്റെടുത്ത മേപ്പാടി കുന്നമ്പറ്റയിലെ ഭൂമിയിൽ കാട്ടാനശല്യമുള്ള സ്ഥലമെന്ന പ്രചാരണത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി.വയനാട്ടിൽ തങ്ങൾ വാങ്ങിയ ഭൂമിയിൽ വന്യജീവി ശല്യമല്ലയുള്ളതെന്നും സി.പി.എമ്മിന്റെ ശല്യമാണ് പ്രശ്നമെന്നും പദ്ധതി നടപ്പിലാക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈവേയിൽ നിന്ന് ഏരിയൽ ഡിസ്റ്റൻസ് വെറും നൂറ് മീറ്റർ മാത്രവും നടന്നാൽ 250 മീറ്ററിന് താഴെയുള്ള വീടുകളും ആരാധനായങ്ങളും റിസോർട്ടുമൊക്കെയുള്ള ഒരു സ്ഥലത്ത് മൂന്നര ഏക്കറോളം ഭൂമി കോൺഗ്രസ് ഏറ്റെടുത്ത് ഒരു ടൗൺഷിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സർക്കാറും സി.പി.എമ്മും കാണിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ദുരന്തമുണ്ടായപ്പോൾ കേരളത്തിലെ ഒന്നടങ്കം ജനങ്ങൾ സർക്കാറിനൊപ്പം നിന്ന് തന്നെയാണ് സഹായിച്ചത്. ഇവിടെ ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം നോക്കിയല്ല അപ്പുറത്ത് നിന്ന് ഒരു സർക്കാർ (കർണാടക) രാഹുല്‍ ഗാന്ധിയുടെ നിർദേശ പ്രകാരം ഈ ഭവനപദ്ധതിക്ക് വേണ്ടി സഹായിക്കുന്നത്. യോഗിയുടെ ഒരു ആശംസ കത്തിന് കൊടുക്കുന്ന വിലയെങ്കിലും കർണാടകത്തിലെ ജനങ്ങളും സർക്കാറും ദുരന്തബാധിതർക്ക് നൽകിയ സഹായത്തിന് കാണിക്കാൻ ഈ സർക്കാർ തയാറല്ല.’-ഷാഫി പറഞ്ഞു.

കോൺഗ്രസ് ഭവന നിർമാണത്തിന് കാലതാമസം വന്നുവെന്നത് സമ്മതിക്കുന്നു. അത് ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതികത്വമാണ്. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമ്പോൾ വന്യജീവി ശല്യമെന്ന വാർത്ത നൽകുന്നതിന്റെ ഉദ്ദേശ്യം കോൺഗ്രസ് ഈ വീടുകൾ പണിയരുത് എന്നത് തന്നെയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വയനാട്ടിൽ പുലിയിറങ്ങുന്നേ..ആനയിറങ്ങുന്നേയെന്ന് കഴിഞ്ഞ പത്ത് വർഷമായി പറയുമ്പോൾ തിരിഞ്ഞുനോക്കാത്ത സർക്കാറാണ് കോൺഗ്രസ് ഇങ്ങനെ സ്ഥലം കണ്ടെത്തിയപ്പോൾ അസ്വസ്തരാകുന്നതെന്നും ഷാഫി പറമ്പിൽ എം.പി കൂട്ടിച്ചേർത്തു.

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ 3.24 ഏക്കർ ഭൂമിയാണ് വാങ്ങിയത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി വാങ്ങിച്ചത്. 1100 സ്ക്വയർ ഫീറ്റുള്ള വീടും സ്ഥലവുമാണ് കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് 100 ഉം യൂത്ത് കോൺഗ്രസ് 30 ഉം വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പദ്ധതിയിലെ മെല്ലെപ്പോക്ക് കടുത്ത വിമർശനമാണ് വിളിച്ചുവരുത്തിയത്.

യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെ.പി.സി.സിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ലക്ഷ്യമിട്ട തുക സമാഹരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ കെപിസിസി നിർമിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോൺഗ്രസിന്റെ തുക കൈമാറുകയായിരുന്നു. ഇതോടെ ഒരുമിച്ച് 100 വീടുകൾ എന്ന രീതിയിലാണ് മുന്നോട്ടുപോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments