വാഷിംഗ്ടൺ : ഡോണൾഡ് ട്രംപ് ഫയൽ ചെയ്ത 10 ബില്യൺ ഡോളറിന്റെ (ഏകദേശം ₹83,000 കോടിയിലധികം) മാനനഷ്ടക്കേസ് തള്ളിക്കളയാൻ ലക്ഷ്യമിട്ട് ബിബിസി കോടതിയെ സമീപിച്ചു. ഫ്ലോറിഡ കോടതിയിലാണ് ബിബിസി ഇതിനായുള്ള അപേക്ഷ നൽകിയത്.
2021 ജനുവരി 6-ലെ ട്രംപിന്റെ പ്രസംഗം ബിബിസിയുടെ ‘പനോരമ’ (Panorama) ഡോക്യുമെന്ററിയിൽ തെറ്റായി എഡിറ്റ് ചെയ്ത് പ്രദർശിപ്പിച്ചു എന്നതാണ് ട്രംപ് നൽകിയ കേസിലെ പ്രധാന ആരോപണം. ക്യാപിറ്റോൾ ആക്രമണത്തിന് അദ്ദേഹം പ്രേരിപ്പിച്ചു എന്ന തരത്തിൽ പ്രസംഗഭാഗങ്ങൾ കൂട്ടിച്ചേർത്തു എന്ന് ട്രംപ് ആരോപിക്കുന്നു. മാനനഷ്ടത്തിന് 5 ബില്യൺ ഡോളറും, വ്യാപാര നിയമങ്ങളുടെ ലംഘനത്തിന് മറ്റൊരു 5 ബില്യൺ ഡോളറും ഉൾപ്പെടെയാണ് ആകെ 10 ബില്യൺ ഡോളർ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്ലോറിഡ കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്നും ഈ ഡോക്യുമെന്ററി ഫ്ലോറിഡയിലോ അമേരിക്കയിലോ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നുംപ്രസംഗം എഡിറ്റ് ചെയ്തതിൽ തെറ്റുപറ്റിയെന്ന് ബിബിസി നേരത്തെ സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ബിബിസി വാദിക്കുന്നു. പ്രസംഗം എഡിറ്റ് ചെയ്തപ്പോഴുണ്ടായ പിഴവ് ബോധപൂർവം അപകീർത്തിപ്പെടുത്താൻ ചെയ്തതല്ലെന്നാണ് ബിബിസി പറയുന്നത്. ട്രംപിന് നഷ്ടപരിഹാരം നൽകാൻ ബിബിസി തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം ചർച്ചയായതോടെ ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി, ന്യൂസ് വിഭാഗം മേധാവി ഡെബോറ ടേർണസ് എന്നിവർ കഴിഞ്ഞ നവംബറിൽ രാജിവെച്ചിരുന്നു.അതേസമയം, കേസ് തള്ളാനുള്ള ബിബിസിയുടെ അപേക്ഷയിൽ കോടതി ഉടൻ തീരുമാനം എടുത്തേക്കും. കേസ് തുടരുകയാണെങ്കിൽ 2027-ൽ വിചാരണ ആരംഭിക്കാനാണ് നിലവിലെ നിർദ്ദേശം.

